ബ്ലേഡ് ഇര ഹനീഫ പരാതി നൽകി

സ്റ്റാഫ് ലേഖകൻ

ബേക്കൽ: ബ്ലേഡിന് പണം നൽകുമ്പേൾ ഈടായി നൽകിയ ആധാരം പിടിച്ചുവെച്ച് പിന്നീട് പണംപറ്റിയ  ആൾക്കെതിരെ കോടതിയിൽ കേസ്സ് കൊടുത്ത ബ്ലേഡുടമയ്ക്കെതിരെ ബ്ലേഡിൽ കുടുങ്ങിയ യുവാവ് ബേക്കൽ പോലീസിൽ പരാതി നൽകി. കാഞ്ഞങ്ങാട് സ്മൃതിമണ്ഡപത്തിനടുത്തുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വെള്ളിക്കോത്ത് രമേശന്റെ എമിറേറ്റ്സ് ധനകാര്യ സ്ഥാപനത്തിനെതിരെ പള്ളിക്കര പാക്കം ചരൽക്കടവ് സ്വദേശി മുഹമ്മദ് ഹനീഫയാണ് 48, ബേക്കൽ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.

മത്സ്യക്കച്ചവടം നടത്താൻ രമേശനിൽ നിന്ന് ഒരു ലക്ഷം രൂപയാണ് ഹനീഫ ബ്ലേഡ് പലിശയ്ക്ക് വാങ്ങിയത്. മുതലും പലിശയുമടക്കം 2,10,000 രൂപ ഹനീഫ പലപ്പോഴായി നേരിട്ടും ഗൂഗിൾപേ ആയും രമേശന് തിരിച്ചു നൽകിയിട്ടും, ഇപ്പോഴും രമേശനും ഭാര്യയും  ചരൽക്കടവിലെ വീട്ടിൽച്ചെന്ന് തന്നെ പണത്തിന് വേണ്ടി ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഹനീഫയുടെ പരാതി.

ഒരുലക്ഷം രൂപ രമേശനിൽ നിന്ന് കടംവാങ്ങുമ്പോൾ ഹനീഫ മത്സ്യവിൽപ്പനയ്ക്ക് ഉപയോഗിക്കുന്ന ടെമ്പോ ഓട്ടോയുടെ ആർസി ബുക്ക് രമേശന്റെ സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. ഇടയ്ക്ക് രണ്ടുതവണ അടവ് മുടങ്ങിയപ്പോൾ രമേശൻ ഹനീഫയുടെ ഓട്ടോ ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതിയിൽ പറയുന്നു.

ഹനീഫ ഇപ്പോൾ റോഡരികിൽ പച്ചക്കറി വിൽപ്പന നടത്തുന്ന പള്ളിക്കരയിൽ നേരിട്ടുചെന്ന് രമേശൻ ഹനീഫയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പണം വാങ്ങുമ്പോൾ രമേശൻ വാങ്ങിവെച്ച ഹനീഫയുടെ ചരൽക്കടവിലുള്ള 13 സെന്റ് ഭൂമിയുടെ ആധാരം ഉപയോഗിച്ച് ഇപ്പോൾ സിനോജ് റോയി എന്നയാൾ ഹനീഫയ്ക്ക് എതിരെ ഹൊസ്ദുർഗ്ഗ് കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്യുകയും ചെയ്തു.

കേസ്സ് കൊടുത്ത സിനോജ്റോയ് ആരാണെന്ന് ഹനീഫ ചോദിച്ചപ്പോൾ, സിനോജ് തന്റെ പണമിടപാട് കമ്പനിയിൽപ്പെട്ട ആളാണെന്ന് രമേശൻ ഫോണിൽ പറയുന്നതിന്റെ ശബ്ദരേഖ ഹനീഫ പോലീസിൽ ഹാജരാക്കിയിട്ടുണ്ട്.

രമേശന്റെ ബ്ലേഡിൽ കുടുങ്ങി തന്റേയും കുടുംബത്തിന്റേയും ജീവിതം തന്നെ വഴിമുട്ടിയെന്നും, പരിഹാരം കണ്ടില്ലെങ്കിൽ താനും ഭാര്യയും ആറുമക്കളുമുള്ള കുടുംബം ആത്മഹത്യ ചെയ്യലല്ലാതെ മറ്റു വഴികൾ ഇല്ലെന്നും മുഹമ്മദ് ഹനീഫ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അമ്പലത്തറ പാറപ്പള്ളി കുതിരുമ്മൽ വീട്ടിൽ കെ.പി. മറിയത്തിന്റെ മകൻ നദീർ 32, രണ്ടാഴ്ച മുമ്പ് പള്ളിക്കര പൂച്ചക്കാട്ടെ വാടകവീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചത് രമേശൻ സംഘത്തിന്റെ ബ്ലേഡ് ഭീഷണിയെത്തുടർന്നാണ്.

ഈ സംഭവത്തിൽ നദീറിന്റെ മാതാവ് മറിയം ബേക്കൽ പോലീസിന് പരാതി നൽകിയെങ്കിലും, നടപടികൾ ഇഴഞ്ഞു നീങ്ങുന്നതിനിടയിലാണ്  റോഡരികിൽ പച്ചക്കറി വിറ്റ് കുടുംബം പോറ്റുന്ന ചൽക്കടവ് മുഹമ്മദ് ഹനീഫ രമേശനെതിരെ മറ്റൊരു പരാതിയുമായി പോലീസിലെത്തിയത്.

LatestDaily

Read Previous

തൊണ്ടി മുതൽ ടിപ്പറും കാണാനില്ല, കവർച്ച ആനന്ദാശ്രമം നിർമ്മിതി വളപ്പിൽ

Read Next

ചേറ്റുകുണ്ട് കവർച്ച; പ്രതി സേലത്ത് പിടിയിൽ