പഞ്ചായത്ത് ഉപാധ്യക്ഷനും ഹോട്ടലുടമയും തമ്മിലുള്ള ഏറ്റുമുട്ടൽ  നാട്ടുകാർ തടഞ്ഞു

സ്വന്തം ലേഖകൻ

അജാനൂർ: കെട്ടിട നികുതി പിരിക്കാൻ അജാനൂർ പഞ്ചായത്ത് അധികൃതരുടെ കൂടെയെത്തിയ വൈസ് പ്രസിഡണ്ടും കെട്ടിടമുടമയായ ഹോട്ടൽ വ്യാപാരിയും തമ്മിലുള്ള കയ്യാങ്കളി നാട്ടുകാർ ഇടപെട്ട് തടഞ്ഞു. മാണിക്കോത്ത് സംസ്ഥാനപാതയ്ക്കരികിലുള്ള ഹോട്ടൽ തട്ടുകടയ്ക്ക് മുമ്പിലാണ് ഇന്നലെ ഉച്ചയോടെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഹോട്ടലുടമയുടെ വീടിന്റെയും കെട്ടിടങ്ങളുടെയും നികുതി കുടിശ്ശിക പിരിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് അസി. സിക്രട്ടറിയും വൈസ് പ്രസിഡണ്ടും മറ്റ് ജീവനക്കാരും ഹോട്ടൽ വ്യാപാരിയെ തേടിയെത്തിയത്.

നികുതി കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട പഞ്ചായത്ത് അധികൃതരോട് തന്റെ ഹോട്ടൽ വ്യാപാരത്തിന് വേണ്ടിയുള്ള ലൈസൻസിന് പണം അടച്ചിട്ട്  6 മാസമായെന്നും, ലൈസൻസ് സിക്രട്ടറി തടഞ്ഞുവെച്ചിരിക്കുകയാണെന്നും, ലൈസൻസ് അനുവദിച്ചതിന് ശേഷമേ നികുതി അടയ്ക്കുകയുള്ളൂവെന്നും ഹോട്ടൽ വ്യാപാരി പറഞ്ഞു. എന്നാൽ ഹോട്ടൽ നടത്തുന്നത് സർക്കാർ സ്ഥലം കൈയ്യേറിയിട്ടാണെന്നും, അതുകൊണ്ട് ലൈസൻസ് അനുവദിക്കാൻ നിർവ്വാഹമില്ലെന്നും അധികൃതർ പറഞ്ഞു.

അതേസമയം തന്റെ സ്ഥാപനത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ധാരാളം അനധികൃത വ്യാപാരങ്ങളും, സർക്കാർ സ്ഥലം കൈയ്യേറിയുള്ള നിർമ്മാണ പ്രവൃത്തികളുമുണ്ടെന്നും വ്യക്തമാക്കിയ ഹോട്ടൽ വ്യാപാരി അവ പൊളിച്ചുമാറ്റിയാൽ താൻ നടത്തിയിട്ടുള്ള കൈയ്യേറ്റവും പൊളിച്ചുമാറ്റാൻ തയ്യാറാണെന്ന് പറഞ്ഞു. ഇതുകേട്ട് ക്ഷുഭിതനായ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹോട്ടലിന് വേണ്ടി കൈയ്യേറിയ സ്ഥലം തന്റെ തറവാട്ട് സ്വത്തല്ല എന്ന് പറഞ്ഞതോടെ ആ പറഞ്ഞത് വൈസ് പ്രസിഡണ്ടിനും ബാധകമാണെന്ന് ഹോട്ടൽ വ്യാപാരി തിരിച്ചു ചോദിച്ചതോടെ ഇരുവരും തമ്മിൽ പോർവിളി നടത്തുകയും, ഏറ്റുമുട്ടലിന്റെ വക്കത്തോളമെത്തുകയും ചെയ്തതോടെ സംരംഭം  കണ്ടുനിന്നവർ ഇരുവരെയും പിടിച്ചു മാറ്റുകയാണുണ്ടായത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയമാനുസൃത അനുമതി വാങ്ങാതെ വ്യാപകമായ രീതിയിൽ ഷെഡ്ഡുകൾ കെട്ടി വ്യാപാരങ്ങൾ നടത്തിവരുന്നുണ്ട്.

കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം നടപടിയെടുക്കേണ്ട അധികൃതർ കണ്ണടച്ചതിനാലാണ്  അജാനൂരിൽ അനധികൃത നിർമ്മാണങ്ങൾ നാൾക്കുനാൾ വർദ്ധിച്ച് വരാനിടയാക്കിയത്. സംസ്ഥാന പാതയ്ക്കരികിലുള്ള മിക്ക തട്ടുകടകളുടെ നിർമ്മാണങ്ങളും കെ.പി.ബി.ആർ ചട്ടങ്ങൾ പൂർണ്ണമായി ലംഘിച്ചിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പലതവണ ലേറ്റസ്റ്റ് വാർത്തകളിലൂടെ ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും, നടപടി സ്വീകരിക്കാതെ അധികൃതരും ഭരണസമിതിയും കാഴ്ചക്കാരായി മാറുകയായിരുന്നു.

Read Previous

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടു

Read Next

സ്ഥലം കാണിച്ച് 5 ലക്ഷം വാങ്ങി വഞ്ചിച്ച കെട്ടിട ഉടമക്കെതിരെ കേസ്സ്