ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത ജമാ അത്തുമായി നിസ്സഹകരിച്ച് നിൽക്കുന്ന അതിഞ്ഞാൽ ജമാ അത്ത് കമ്മിറ്റിക്ക് പുറമെ കോയാപ്പള്ളി ജമാ അത്തും പൊതുപരിപാടിയുടെ ചടങ്ങിൽ നിന്നും സംയുക്ത ജമാ അത്ത് കമ്മിറ്റി ഭാരവാഹികളെ അകറ്റി. ഇക്കഴിഞ്ഞ ദിവസം അതിഞ്ഞാൽ കോയാപ്പള്ളിയിൽ നടന്ന ജമാ അത്ത് പ്രവർത്തനവുമായി ബന്ധപ്പെട്ട് അരനൂറ്റാണ്ട് പിന്നിട്ട പൊതുകാര്യ പ്രസക്തൻ അതിഞ്ഞാലിലെ സി. ഇബ്രാഹിം ഹാജിയെ ആദരിച്ച ചടങ്ങിലേക്കാണ് സംയുക്ത ജമാ അത്തിന്റെ ഒറ്റ ഭാരവാഹിയെ പോലും കമ്മിറ്റി ഔദ്യോഗികമായി ക്ഷണിക്കാതിരുന്നത്.
അതിഞ്ഞാൽ ജമാ അത്തും സമീപ ജമാ അത്തായ കൊളവയൽ ജമാഅത്തുമായി അവശേഷിക്കുന്ന അതിർത്തി പ്രശ്നം പരിഹരിക്കാത്തതിന്റെ പേരിൽ രണ്ട് വർഷത്തോളമായി സംയുക്ത ജമാ അത്തുമായി ഇരുപ്രാദേശിക ജമാ അത്തും ഇടഞ്ഞു നിൽക്കുകയാണ്. കൊളവയൽ ജമാ അത്തുമായുള്ള പ്രശ്നം രമ്യതയിലെത്തിക്കുന്നതിന് നീതിപൂർവ്വമായ യാതൊരു ശ്രമവും സംയുക്ത ജമാ അത്തിന്റെ ഭാഗത്ത് നിന്നുമുണ്ടാവാത്തതാണ് സംയുക്ത ജമാ അത്തുമായി നിസ്സഹകരിക്കാനുള്ള കാരണമായി അതിഞ്ഞാൽ ജമാ അത്ത് ചൂണ്ടിക്കാട്ടുന്നത്.
ഇതേത്തുടർന്ന് കാഞ്ഞങ്ങാട്ടെ സംയുക്ത ജമാ അത്തിന്റെ വാർഷിക ജനറൽ ബോഡിയോഗത്തിൽ പോലും അതിഞ്ഞാൽ ജമാ അത്ത് പ്രതിനിധികൾ ഇത്തവണ പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു. അതിനിടയിലാണ് കോയാപ്പള്ളി പരിസരത്ത് കർണ്ണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ ഉദ്ഘാടനം നിർവ്വഹിച്ച ആദരിക്കൽ അനുമോദനച്ചടങ്ങിലേക്ക് തൊട്ടടുത്തുള്ള സംയുക്ത ജമാ അത്തിന്റെ ഭാരവാഹികളെ പങ്കെടുപ്പിക്കാതെയുള്ള ചടങ്ങ് സംഘടിപ്പിച്ചത്.
അതേസമയം മാണിക്കോത്ത് ജമാ അത്ത് പ്രസിഡണ്ടും , സംയുക്ത ജമാ അത്ത് വൈസ് പ്രസിഡണ്ടുമായ മുബാറക്ക് ഹസൈനാർ ഹാജി ശ്രോതാവായി വന്ന് സദസ്സിൽ സ്ഥാനം പിടിച്ചത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സി. ഇബ്രാഹിം ഹാജിയെ ആദരിക്കുന്നതോടൊപ്പം അതിഞ്ഞാൽ കോയാപ്പള്ളിയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ജാമിയ സയ്യിദ് ബുഖാരി തഹ്ഫീളുൽ ഖുർ ആൻ കോളേജിൽ നിന്നും ഖുർ ആൻ മുഴുവനും മനഃപാഠമാക്കിയ വിദ്യാർത്ഥിയെ അനുമോദിക്കുന്ന ചടങ്ങുമാണ് അന്നേ ദിവസം കോയാപ്പള്ളിയിൽ നടന്നത്. രാഷ്ട്രീയ സാംസ്ക്കാരിക മത രംഗത്തെ ഇരുപതോളം പേർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.