രാധയെ ഊരുവിലക്കിയിട്ടില്ലെന്ന് സിപിഎം

സ്വന്തം ലേഖൻ

നീലേശ്വരം: നീലേശ്വരം പാലായിയിൽ വീട്ടമ്മയ്ക്ക് നേരെ സിപിഎം ഊരുവിലക്ക് പ്രഖ്യാപിച്ചുവെന്ന പ്രചാരണം വ്യാജമെന്ന് സിപിഎം പ്രാദേശിക േനതൃത്വം.വീട്ടമ്മയുടെ പറമ്പിൽ തേങ്ങ പറിക്കാൻ പുറമെനിന്നുള്ള തൊഴിലാളികളെ കൊണ്ടുവന്നത് പ്രദേശത്തെ തെങ്ങുയറ്റ തൊഴിലാളികൾ എതിർത്തതാണ് വ്യാജപ്രചരണത്തിന് കാരണമെന്ന് പ്രാദേശിക നേതൃത്വം അവകാശപ്പട്ടു.

കയ്യൂർ സമരസേനാനി പാലായിയിലെ പി.പി. കുമാരന്റെ മകൾ രാധയും പാലായിയിലെ സിപിഎം നേതൃത്വവും തമ്മിൽ പാലായി റഗുലേറ്റർ കം ബ്രിഡ്ജിന് സ്ഥലം വിട്ടുകൊടുക്കുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം സിപിഎമ്മിന് രാധയോടുള്ള അനിഷ്ടത്തിന് കാരണമായിരുന്നു,. റഗുലേറ്റർ കം ബ്രിഡ്ജിന് സ്ഥലം വിട്ടുകൊടുക്കില്ലെന്ന രാധയുടെ പിടിവാശിയെത്തുടർന്ന് സിപിഎം ഇവരെ ഒറ്റപ്പെടുത്തിയതായും ആരോപണമുണ്ട്.

പൂരംകുളി ദിവസം പടന്നക്കാട് സ്വദേശിയായ തെങ്ങുകയറ്റത്തൊഴിലാളിയുമായി രാധ പറമ്പിൽ തേങ്ങ പറിക്കാനെത്തിയിരുന്നു. ഇതെച്ചൊല്ലിനടന്ന തർക്കമാണ് വിവാദമായത്. രാധയ്ക്കെതിരെ ഊരുവിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി മനോഹരൻ പാലായി വെളിപ്പെടുത്തി.

നാട്ടുകാർക്കെതിരെ രാധ നൽകിയ പരാതികളിൽ 7 കേസുകൾ നിലവിലുണ്ടെന്നും അവയിൽ പറമ്പ് കയ്യേറിയെന്ന കേസിൽ കോടതി വസ്തുതകളില്ലെന്ന് കണ്ടെത്തി പ്രതികളെ വെറുതെ വിട്ടുവെന്നും മനോഹരൻ പറഞ്ഞു.

രാധയുമായി പാർട്ടി നേതാക്കൾ പലതവണ ഒത്തുതീർപ്പിന് ശ്രമിച്ചിട്ടും അവർ വഴങ്ങിയിട്ടില്ലെന്ന് സിപിഎം ലോക്കൽ സെക്രട്ടറി അവകാശപ്പെട്ടു. പൂരംകുളി ദിവസം രാധ തേങ്ങ പറിക്കാൻ കൊണ്ടുവന്നയാൾ സ്ത്രീകളെ ഭീഷണിപ്പെടുത്തിയതാണ് നാട്ടുകാർ വിഷയത്തിലിടപെടാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.

പാലായിൽ തന്നെ ഒറ്റയ്ക്ക് താമസിക്കുന്ന രാധയ്ക്ക് പാർട്ടി ഊരുവിലക്കേർപ്പെടുത്തിയിട്ടുണ്ടെന്ന പ്രചാരണത്തിലെ വസ്തുത ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്നും സിപിഎം നേതാവ് പറഞ്ഞു.

LatestDaily

Read Previous

കള്ളനോട്ട് പ്രതികളെ ചതിച്ചത് നവവധു

Read Next

മറവിരോഗബാധിതന്റെ മോതിരം മോഷ്ടിച്ച പ്രതി റിമാന്റിൽ