കാസർകോട്ട് എൽഡിഎഫിന് മുൻതൂക്കം പ്രചാരണത്തിൽ ഉണ്ണിത്താൻ ബഹുദൂരം മുന്നിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ലോക്സഭാ മണ്ഡലത്തിലെ ഫലം ഇക്കുറി പ്രവചനാതീതമാകും. മണ്ഡലം മുഴുവൻ ഓടിനടന്ന് ജനങ്ങൾക്കിടയിൽ സുപരിചിതനായ രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ സിപിഎം സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണൻ നേരിടാനൊരുങ്ങുന്നത് വോട്ടിങ്ങിലെ വ്യക്തമായ മേൽക്കൈയോടെയാണ്.

2019 ൽ രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട്ട് നിന്നും തെരഞ്ഞെടുക്കപ്പെട്ടത് 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. ശബരിമല വിഷയം, രാഹുൽഗാന്ധി പ്രഭാവം, പെരിയ ഇരട്ടക്കൊല എന്നീ വിഷയങ്ങൾ മുൻനിർത്തി അനായാസ വിജയം നേടിയ ഉണ്ണിത്താന്റെ നില ഇപ്പോൾ അത്ര ഭദ്രമല്ലെന്നാണ് 2021 നിയമസഭാ   തെരഞ്ഞെടുപ്പിലെ മണ്ഡലത്തിലെ വോട്ടിംഗ് നില സൂചിപ്പിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് നില പ്രകാരം കാസർകോട് ലോക്സഭാ മണ്ഡലത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി എൽഡിഎഫിന് 1,60,769 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. രാജ്മോഹൻ ഉണ്ണിത്താന്റെ നിലവിലെ ഭൂരിപക്ഷക്കണക്ക് പ്രകാരം ഇതിനെ മറികടക്കുക അത്ര എളുപ്പമല്ല. കഴിഞ്ഞ തവണ നടന്നത് പോലുള്ള രാഷ്ട്രീയ അട്ടിമറിക്ക് ഇക്കുറി സാധ്യത കാണുന്നില്ല.

വോട്ടിംഗ് നിലയിലെ ഭൂരിപക്ഷം നൽകുന്ന ആത്മവിശ്വാസമാണ് കാസർകോട് ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ കൈമുതൽ. ഉണ്ണിത്താന് ഇക്കുറി ബിജെപി വോട്ട്  ലഭിക്കില്ലെന്ന ബിജെപി സ്ഥാനാർത്ഥി എം.എൽ. അശ്വിനിയുടെ പ്രസ്താവന  എൽഡിഎഫിന് ആത്മവിശ്വാസം നൽകുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുകൾ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മറിഞ്ഞതായി കണക്കുകളും വ്യക്തമാക്കുന്നു.

കാസർകോട് ലോക്സഭാ മണ്ഡലത്തിന് കീഴിൽ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്ല്യാശ്ശേരി എന്നീ നിയമസഭാ മണ്ഡലങ്ങൾ എൽഡിഎഫിനാണ്. ബാക്കിയുള്ള മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങൾ ലീഗിനാണ് ലഭിച്ചത്. ഇവയിൽ മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് 745 വോട്ട് മാത്രമാണ് ഭൂരിപക്ഷം. കാസർകോട്ടെ മുസ്ലിം ലീഗിന്റെ ഭൂരിപക്ഷം 12,901 ആണ്.

കാസർകോട് ലോക്സഭാ മണ്ഡലത്തിന്  കീഴിലുള്ള 7 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ്, യുഡിഎഫ് ബിജെപി സ്ഥാനാർത്ഥികൾ  ഇതിനകം രണ്ടുതവണ പര്യടനം നടത്തിക്കഴിഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പണത്തോടെ തെരഞ്ഞെടുപ്പ് ചൂട് വർദ്ധിക്കുകയും ചെയ്യും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട കാസർകോട് ലോക്സഭാ മണ്ഡലം തിരിച്ചുപിടിക്കുമെന്ന വാശിയിൽ എൽഡിഎഫും മണ്ഡലം നിർത്തുമെന്ന ആത്മവിശ്വാസത്തിൽ യുഡിഎഫും കളത്തിലാണ്.

LatestDaily

Read Previous

കള്ളനോട്ടുകൾ മാറ്റാൻ പൂഴിക്കാർക്ക് ക്വട്ടേഷൻ

Read Next

ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ പ്രവാസി മരിച്ചു