നിരോധിത കറൻസി റെയ്ഡിന് പിന്നിൽ നോട്ടിടപാട് സംഘങ്ങൾ തമ്മിലുള്ള കുടിപ്പിക

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: അമ്പലത്തറ പോലീസ് സ്റ്റേഷൻ പരിധിയിലെ വാടക വീട്ടിൽ നിന്നും  ഏഴേകാൽ കോടിയോളം വരുന്ന നിരോധിത കറൻസികൾ പിടികൂടിയതിന് പിന്നിൽ നിരോധിതനോട്ടിടപാട് സംഘങ്ങൾ തമ്മിലുള്ള പകയാണെന്ന് സൂചന. ഗുരുപുരത്തെ വാടകവീട് കേന്ദ്രീകരിച്ച് നിരോധിത കറൻസിയുടെ ഇടപാട് നടക്കുണ്ടെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷിന്റെ നേതൃത്വത്തിൽ പകൽ 11 മണിയോടെ നടന്ന തെരച്ചിലിലാണ് കോടികളുടെ നിരോധിത കറൻസി ശേഖരം കണ്ടെത്തിയത്.

പകൽ 11 മണി മുതൽ രാത്രി വൈകും വരെ നടന്ന പരിശോധനയിൽ വീടിനുള്ളിൽ നിന്നും ചാക്കുകളിൽ നിറച്ച നിരോധിത കറൻസി കണ്ടെത്തുകയായിരുന്നു. ഗുരുപുരത്തെ പ്രവാസിയായ കെ.പി ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അബ്ദുൾ റസാഖ് എന്നിവർക്ക് വാടകയ്ക്ക് നൽകിയതായിരുന്നു. ഈ വീട്ടിൽ നിന്നാണ് പണം കണ്ടെത്തിയത്. അബ്ദുൾ റസാഖ് നിരോധിത കറൻസി ഇടപാട് സംഘത്തിന്റെ ബിനിമയണെന്ന് സംശയമുണ്ട്..

കറൻസി ശേഖരത്തിന്റെ യാഥാർത്ഥ ഉടമ ബേക്കൽ പരയങ്ങാനം സ്വദേശിയാണെന്നും സംശയിക്കുന്നു.  ബേക്കലിലും പരിസരത്തും നിരോധിത കറൻസികളുടെ ഇടപാട് നടത്തുന്ന സംഘങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ട്. ഇവർ തമ്മിലുള്ള കുടിപ്പകയാണ് അമ്പലത്തറ ഗുരുപുരത്തെ നിരോധിതകറൻസി സൂക്ഷിപ്പ് കേന്ദ്രത്തെക്കുറിച്ച് അമ്പലത്തറ പോലീസിന് വിവരം ലഭിക്കാൻ കാരണം.

ഗുരുപുരത്തെ വാടകവീട്ടിൽ നിന്നും കണ്ടെത്തിയ നിരോധിത കറൻസി നോട്ടുകൾ പോലീസ് എണ്ണിത്തിട്ടപ്പെടുത്തി വരികയാണെന്ന് അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ കെ. പ്രജീഷ് അറിയിച്ചു. കറൻസി ശേഖരത്തെക്കുറിച്ച് അന്വേഷണം നടന്നു വരികയാണെന്നാണ് പോലീസിന്റെ  വിശദീകരണം. റിസർവ്വ് ബാങ്ക് പിൻവലിച്ച 500,1000,2000 രൂപ നോട്ടുകളുടെ ഇടപാടുകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും നടക്കുന്നുണ്ട്. നിരോധിത കറൻസികൾക്ക് മൂല്യമില്ലെങ്കിലും ഇവയുടെ രഹസ്യ ഇടപാടുകൾ നടക്കുന്നതിന് പിന്നിൽ ദുരൂഹതയുണ്ട്.

7.20 കോടിയുടെ നിരോധിത കറൻസി ശേഖരമാണ് അമ്പലത്തറ ഗുരുപുരത്ത് നിന്നും  പിടികൂടിയതെന്നാണ് പ്രാഥമിക വിവരമെങ്കിലും ഇതിൽക്കൂടുതൽ തുക വീട്ടിനുള്ളിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് സംശയം

LatestDaily

Read Previous

കള്ളനോട്ടിന്റെ സൂത്രധാരനും സഹായിയും മുങ്ങി

Read Next

വ്യവസായിയുടെ 108 കോടി തട്ടിയ മരുമകന്റെ വീട്ടിൽ ഇ.ഡി. റെയ്ഡ്