റിയാസ് മൗലവി വധക്കേസ്  വിധി വീണ്ടും മാറ്റി

കാസര്‍കോട്: ചൂരിയിലെ മദ്സ അധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി 27യെ കൊന്ന കേസിൽ  വിധി പറയുന്നത് ഇന്ന് വീണ്ടും മാറ്റി. ഈ മാസം 30 ന് വിധി പറയുന്നതിനാണ് മാറ്റിയിട്ടുള്ളത്. കൊലപാതകം നടന്ന് ഏഴുവർഷ​ത്തെ കാത്തിരിപ്പിനൊടുവിൽ മൗലവി കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ ഇന്ന് വിധി യുണ്ടാകുമെന്നാണ് കരുതിയത്.

ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് വിധി പറയുന്നത് മാറ്റിയത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെ പഴയ ചൂരി പള്ളിയിലെ താമസസ്ഥലത്ത് കയറിയാണ് ഒരു സംഘം റിയാസ് മൗലവിയെ  കൊലപ്പെടുത്തിയത്.  കേസിൽ കേളുഗുഡ്ഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ്, നിതിന്‍, അഖിലേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൃത്യം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പിടിയിലായ പ്രതികള്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ഏഴ് വര്‍ഷമായി ജയിലില്‍ തന്നെയാണ്.2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം പലതവണ മാറ്റിവെച്ച കേസ് ഇതുവരെ ഏഴ് ജഡ്ജിമാരാണ് പരിഗണിച്ചത്. ഫെബ്രുവരി 29നും മാർച്ച് ഏഴിനും വിധി പ്രസ്താവിക്കാനിരുന്നുവെങ്കിലും മാറ്റുകയായിരുന്നു. 

LatestDaily

Read Previous

അജാനൂരിൽ മഞ്ഞപ്പിത്ത രോഗ ഭീഷണി

Read Next

കള്ളനോട്ടിന്റെ സൂത്രധാരനും സഹായിയും മുങ്ങി