ജില്ലാ ആശുപത്രി വളപ്പിൽ നിർത്തിയിട്ട വാഹനങ്ങളിൽ മോഷണം പതിവാകുന്നു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും പണം മോഷ്ടിക്കുന്ന സംഭവം പതിവാകുന്നു. ആശുപത്രി കോമ്പൗണ്ടിൽ പാർക്കിംഗ് ഫീസ് കൊടുത്ത് നിർത്തിയിടുന്ന വാഹനങ്ങളുടെ  ഡ്രൈവർമാർക്കാണ് ഈ ദുരനുഭവം. രോഗികളുമായെത്തി ആശുപത്രി കോമ്പൗണ്ടിൽ നിർത്തിയിടുന്ന ഓട്ടോകളിലെ ഡാഷ് ബോർഡുകൾ തകർത്ത് അവയ്ക്കുള്ളിൽ സൂക്ഷിച്ച പണവും വിലപ്പെട്ട സാധനങ്ങളും കവരുന്ന സംഘമാണ് ആശുപത്രി പരിസരത്ത് തമ്പടിച്ചിരിക്കുന്നത്.

കഴിഞ്ഞയാഴ്ച നാല് ഓട്ടോകളിൽ ഇത്തരത്തിൽ മോഷണം നടന്നിരുന്നു. ഏറ്റവുമൊടുവിൽ ഇന്ന് ജില്ലാശുപത്രി വളപ്പിൽ നിർത്തിയിട്ടിരുന്ന കെ.എൽ 60 എൻ 1499 ഓട്ടോയിലും കവർച്ച നടന്നു. മലയോരത്ത് നിന്നും രോഗിയുമായെത്തിയ മനു എന്ന ഓട്ടോ ഡ്രൈവറുടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന 8500 രൂപയാണ് മോഷ്ടാവ് കൊണ്ടുപോയത്. ആശുപത്രി വളപ്പിൽ പോലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും, പോലീസിന്റെ കണ്ണുവെട്ടിച്ചാണ് മോഷണം.

ആശുപത്രി വളപ്പിൽ ഓട്ടോ നിർത്തിയിടാൻ 30 രൂപ ഫീസ് വാങ്ങിക്കുന്നുണ്ടെങ്കിലും, കാശ് വാങ്ങിക്കുന്നതിനപ്പുറം മറ്റൊരു ഉത്തരവാദിത്തവും  ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിക്കുമില്ല. ആശുപത്രി വളപ്പിലെ വാഹന പാർക്കിംഗ് ഏരിയയുടെ പരിസരത്തൊന്നും നിരീക്ഷണ ക്യാമറയില്ലാത്തതാണ് വാഹനങ്ങളിലെ മോഷണത്തിന് കാരണം. ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിൽ സ്ഥിരമായി നടന്നിരുന്ന മോഷണം അടുത്ത കാലത്തായി ഇല്ലാതായിട്ടുണ്ടെങ്കിലും, ആശുപത്രി കള്ളന്മാർ കളം വിട്ടിട്ടില്ലെന്നാണ് നിർത്തിയിട്ട വാഹനത്തിനകത്തെ മോഷണത്തിൽ നിന്നും വ്യക്തമാകുന്നത്.

LatestDaily

Read Previous

വയോധികയെ കത്തിമുനയിൽ ബന്ദിയാക്കി  കൊള്ളയടിച്ചു

Read Next

അജാനൂരിൽ മഞ്ഞപ്പിത്ത രോഗ ഭീഷണി