ഓട്ടോ സ്റ്റാന്റിന്റെ പേരിൽ തൊഴിലാളി സംഘർഷം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരിയിലെ ബാറിന് മുൻവശത്ത് ഓട്ടോ പാർക്ക്  ചെയ്യുന്നതിനെച്ചൊല്ലി ഒരേ തൊഴിലാളി സംഘടനയിൽപ്പെട്ടവർ തമ്മിൽ കയ്യാങ്കളിയും ഭീഷണിയും. നോർത്ത് കോട്ടച്ചേരി  മലനാട് ബാറിന് മുന്നിൽ ഓട്ടോ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണ്  തൊഴിലാളികൾ തമ്മിൽ തർക്കം നടക്കുന്നത്. 

വർഷങ്ങളായി ബാറിന്റെ പരിസരത്ത് ഓട്ടോ ഓടിച്ച് ജീവിക്കുന്ന പതിനഞ്ചോളം ഓട്ടോ തൊഴിലാളികൾക്കാണ് തൊഴിലാളി യൂണിയനുകൾ വിലക്കേർപ്പെടുത്തിയത്. ബാറിന് മുന്നിൽ ഓട്ടോ നിർത്തിയിടുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ബിഎംഎസ് അനുഭാവിയായ കല്ലൂരാവിയിലെ കെ. ജഗദീശനെ സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ പ്രവർത്തകനായ ദിലീപ്  കയ്യേറ്റം ചെയ്തിരുന്നു. 

മാർച്ച് 12-ന് ഉച്ചയ്ക്കാണ് ജഗദീശൻ കയ്യേറ്റത്തിനിരയായത്. ബാറിന് മുന്നിൽ ഓട്ടോ ഓടിക്കുന്നതിന് വിലക്കുള്ള തൊഴിലാളികളിൽ സിഐടിയു, ഐഎൻടിയുസി , ബിഎംഎസ്,  എസ്ടിയു മുതലായ വിവിധ തൊഴിലാളി സംഘടനകളിലെ അംഗങ്ങളുണ്ട്. വായ്പയെടുത്ത് ഓട്ടോ വാങ്ങിയാണ് തൊഴിലാളികളെല്ലാം ജീവിക്കുന്നത്. ഇവരുടെ ജീവിതമാർഗ്ഗം ഇല്ലാതാക്കുന്ന തരത്തിലാണ് മലനാട് ഓട്ടോ സ്റ്റാന്റിലെ ഒരു വിഭാഗം ഓട്ടോ തൊഴിലാളികളുടെ പ്രവർത്തനം.

മലനാട് മദ്യശാലയ്ക്ക്  മുന്നിലെ ഓട്ടോ സ്റ്റാന്റിനെ ചൊല്ലി തൊഴിലാളികൾ പരസ്പരം തമ്മിലടിക്കുമ്പോഴും യൂണിയൻ നേതൃത്വങ്ങൾ ഇതൊന്നുമറിയാത്ത ഭാവം നടിച്ച് കണ്ണുമടച്ചിരിക്കുകയാണ്.

LatestDaily

Read Previous

ഹോട്ടൽ മുറിയിൽ പീഡനം

Read Next

മദ്രസ്സാധ്യാപകന്റെ പണം മോഷ്ടിച്ച സംഘം റിമാന്റിൽ