തുറമുഖം കടലാസിൽ; തീരദേശ വാസികൾ തിര. ബഹിഷ്കരിക്കും 160 കുടുംബങ്ങൾ ഇത്തവണ വോട്ട് ചെയ്യില്ല

സ്റ്റാഫ് ലേഖകൻ

അജാനൂർ: നിർദ്ദിഷ്ഠ അജാനൂർ കൊത്തിക്കാൽ തുറമുഖം യാഥാർത്ഥ്യമാക്കാത്ത ഇടതു വലതു മുന്നണികളുടെ മൗനത്തിൽ പ്രതിഷേധിച്ച് അജാനൂർ തീരദേശത്തുള്ള  മത്സ്യത്തൊഴിലാളി കുടുംബങ്ങൾ ലോക്സഭ  തിരഞ്ഞെടുപ്പ്  ബഹിഷ്കരിക്കാൻ തീരുമാനിച്ചു.

അജാനൂർ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന്റെ പരിധിയിൽ താമസിക്കുന്ന 160 കുടുംബങ്ങൾ ഇത്തവണ വോട്ടു ചെയ്യില്ലെന്ന് തീരുമാനിച്ചത് കുറുംബ ക്ഷേത്രത്തിന്റെ കീഴിലുള്ള അതിയാൽ കുടുംബ കൂട്ടായ്മയാണ് ഇന്നലെയാണ് തീരുമാനമെടുത്തത്. അജാനൂർ കടപ്പുറം തുറമുഖ മുറവിളിക്ക് നാലുപതിറ്റാണ്ടുകാലത്തെ പഴക്കമുണ്ട്.

ചിത്താരിപ്പുഴ തെക്കോട്ട് ഒഴുകി കടലിൽ ചേരുന്നിടമാണ് കൊത്തിക്കാൽ.  ഇവിടെ വലിയ ചിലവുകളില്ലാതെ തുറമുഖം പണിയാൻ സാധിക്കുമെന്നിരിക്കെ മാറി മാറി അധികാരത്തിലെത്തിയ ഇടതു വലതു മുന്നണികൾ അജാനൂർ കടപ്പുറം തുറമുഖത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു.

വോട്ടു ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച കുടുംബങ്ങളിൽ ആയിരത്തോളം വോട്ടുകളുണ്ട്. ഇതിൽ ഭൂരിഭാഗം വോട്ടുകൾ യുഡിഎഫ് വോട്ടുകളും, ശേഷിക്കുന്നത് സപിഎം, ബിജെപി വോട്ടുകളാണുമാണ്. അജാനൂർ തീരത്ത് തുറമുഖം വന്നാൽ മത്സ്യ ബന്ധനത്തിന് ഏറെ ഗുണകരമാകുമെന്ന് മാത്രമല്ല, അജാനൂർ ചിത്താരി തീരദേശത്തിന്റെ വികസനം പതിൻമടങ്ങ് കുതിക്കുകയും ചെയ്യും.

ഇ. ചന്ദ്രശേഖരനാണ്  ഈ പ്രദേശത്തിന്റെ എം.എൽ.എ. ഇ.ചന്ദ്രശേഖരൻ 5 വർഷം മന്ത്രിയായി അധികാരത്തിലിരുന്നപ്പോൾ, അജാനൂർ തുറമുഖം കടലാസിൽ ഉയർന്നു വന്നിരുന്നുവെങ്കിലും, പിന്നീട് തുറമുഖം ചുവപ്പു നാടയിൽ കുരുങ്ങിക്കിടന്നു. കാസർകോട് എം.പി, രാജ്മോഹൻ ഉണ്ണിത്താനും, മുൻ എം.പി, പി കരുണാകരനും അജാനൂർ തീരദേശ വാസികളും, സംഘടനകളും തവണകളായി തുറമുഖത്തിന്റെ അനിവാര്യത സംബന്ധിച്ച് നിവേദനങ്ങൾ നൽകിയിരുന്നുവെങ്കിലും, ഇടതു വലതു മുന്നണികൾ അജാനൂർ കൊത്തിക്കാൽ തുറമുഖം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 

LatestDaily

Read Previous

ജില്ലാ ആശുപത്രി തസ്തികകളിൽ  കടിച്ചുതൂങ്ങി താൽക്കാലിക ജീവനക്കാർ

Read Next

ഹോട്ടൽ മുറിയിൽ പീഡനം