മദ്രസ്സാധ്യാപകന്റെ പണം മോഷ്ടിച്ച സംഘം റിമാന്റിൽ

സ്വന്തം ലേഖകൻ

ചെറുവത്തൂർ:  മദ്രസ്സാധ്യാപകന്റെ പണം മോഷ്ടിച്ച മൂന്നംഗ സംഘം റിമാന്റിൽ. മൂന്ന് ദിവസം മുമ്പ് ചെറുവത്തൂർ തുരുത്തിയിലാണ് കാറിലെത്തിയ മൂന്നംഗ സംഘം മദ്രസ്സാധ്യാപകന്റെ മുറിയിൽ നിന്നും 37,000 രൂപയും വിലയേറിയ വാച്ചും   മോഷ്ടിച്ചത്. മലപ്പുറം തവനൂർ സ്വദേശിയും തുരുത്തിയിൽ മദ്രസ്സാധ്യാപകനുമായ ടി.കെ. കബീറിന്റെ താമസ സ്ഥലത്തു നിന്നാണ് കാറിലെത്തിയ മൂന്നംഗ സംഘം മോഷണം നടത്തിയത്.

കബീറിന്റെ നീക്കങ്ങൾ നിരീക്ഷിച്ച സംഘം ഇദ്ദേഹം തുരുത്തി ജുമാ മസ്ജിദിൽ നിസ്ക്കരിക്കാൻ പോയ തക്കത്തിനാണ് മുറിക്കകത്ത് കയറി മോഷണം നടത്തിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ ചന്തേര പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. മോഷ്ടാക്കളിൽ മദ്രസ്സാധ്യാപകന്റെ  പൂർവ്വ വിദ്യാർത്ഥിയുമുൾപ്പെട്ടിരുന്നു.

പഴയങ്ങാടി വെങ്ങര മൂലക്കീഴിലെ അബ്ദുൾ സലാമിന്റെ മകൻ എം. കെ. മുഹമ്മദ് ഫയാസ് 19, നരിക്കോട് കൊട്ടിലയിലെ ഹക്കീമിന്റെ മകൻ മുഹമ്മദ് ഇഫാസ് കെ.ടി. 18, വെങ്ങരയിലെ ഹംസയുടെ മകൻ പി.കെ. മൻസൂർ 40 എന്നിവരെയാണ് മോഷണക്കേസ്സിൽ ചന്തേര ഐ.പി, ജി.പി. മനുരാജിന്റെ നേതൃത്വത്തിൽ എസ്.ഐ, പി.കെ. മുരളീധരൻ, ഏഎസ്ഐമാരായ കെ. ലക്ഷ്മണൻ, സുരേഷ് കുണിയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, ശ്രീജിത്ത് കോറോം, സിവിൽ പോലീസ് ഓഫീസർ നരേന്ദ്രൻ എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്.

പ്രതികളിലൊരാളായ വെങ്ങര മൂലക്കീഴിലെ എം.കെ. മുഹമ്മദ് ഫയാസ് മദ്രസ്സാധ്യാപകനായ ടി.കെ. കബീറിന്റെ മുൻ വിദ്യാർത്ഥിയായിരുന്നു. ഫയാസും മുഹമ്മദ് ഇഫാസും നിലവിൽ വാഹനങ്ങളിൽ പഴക്കച്ചവടം നടത്തുന്നവരാണ്. പി.കെ. മൻസൂറിന്റെ ഇന്നോവ കാറിലാണ് മോഷ്ടാക്കളെത്തിയത്.

LatestDaily

Read Previous

ഓട്ടോ സ്റ്റാന്റിന്റെ പേരിൽ തൊഴിലാളി സംഘർഷം

Read Next

കൊവ്വൽപ്പള്ളിയിൽ രണ്ടേക്കർ വയൽ മണ്ണിട്ട് നികത്തി, ഡി.വൈ. എഫ്.ഐ കൊടികുത്തി