ബ്ലേഡ് ഇടനിലക്കാരൻ മുങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളി സ്വദേശി നദീർ 32, പൂച്ചക്കാട്ടെ വീട്ടിൽ ആത്മഹത്യ ചെയ്ത കേസ്സിൽ പോലീസ് അന്വേഷിക്കുന്ന യുവാവ് നിഷാദ് 42, നാട്ടിൽ നിന്ന് മുങ്ങി. നിഷാദ് മുസ്ലിം പുണ്യ കേന്ദ്രമായ അജ്മീറിലുണ്ടെന്നാണ് ലഭിച്ച വിവരം. ആത്മഹത്യ ചെയ്ത മത്സ്യവിൽപ്പനക്കാരൻ നദീറിന് ബ്ലേഡിന് നൽകിയ പണം തിരികെ ചോദിച്ച് നിരന്തരം നേരിട്ടും ഫോണിലും  ഭീഷണിപ്പെടുത്തിയവരുടെ കൂട്ടത്തിൽ ഒന്നാമനാണ് നിഷാദ്.

നിഷാദ് നദീറിന്റെ പാറപ്പള്ളിയിലെ വീട്ടിലെത്തിയും നദീറിനെ ഭീഷണിപ്പെടുത്തിയതായി നദീറിന്റെ  മാതാവ് കെ.പി. മറിയം പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട്ട് ധനകാര്യ സ്ഥാപനം നടത്തി വരുന്ന വെള്ളിക്കോത്ത് രമേശന്റെ ഇടനിലക്കാരനാണ് നിഷാദ്. നദീർ ആത്മഹത്യ ചെയ്ത മാർച്ച് 8 ന് ശേഷം നാട്ടിൽ നിന്ന് മുങ്ങിയ നിഷാദിന്റെ സെൽ ഫോണിലേക്ക് പോലീസ് വിളിച്ചുവെങ്കിലും ഫോൺ സ്വിച്ച് ഒാഫിലാണ്.

അമ്പലത്തറ ഹയർ സെക്കണ്ടറി സ്കൂളിനടുത്താണ് രണ്ടു ഭാര്യമാരുള്ള നിഷാദിന്റെ ഒരു വീട്. നായ്ക്കുട്ടി പാറയിൽ രണ്ടാം ഭാര്യ താമസിക്കുന്നു. പലിശപ്പണത്തിന് നദീറിനെ ഭീഷണിപ്പെടുത്തിയ പാറപ്പള്ളിയിലെ സുജിത് എന്ന സുന്ദരി ഇപ്പോൾ ഗൾഫിലാണ്. സുന്ദരിയുടെ വീട്ടിലും, നിഷാദിന്റെ വീട്ടിലും കഴിഞ്ഞ ദിവസം ബേക്കൽ പോലീസ് എത്തിയിരുന്നു.

മത്സ്യം കൊണ്ടു പോകാൻ ഒരു പിക്കപ്പ് വാഹനം വാങ്ങാൻ നദീർ ഒരു ലക്ഷം രൂപ സുന്ദരിയിൽ നിന്ന് പലിശയ്ക്ക് വാങ്ങിയിരുന്നു. ഈ പണം സുന്ദരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നദീർ എല്ലാ മാസവും  നിശ്ചിത തുക അയച്ചു കൊടുത്തിട്ടും, നദീർ പലിശ മാത്രമേ തന്നിട്ടുള്ളൂവെന്നും, മുതൽ ഒരു ലക്ഷം രൂപ തരാൻ ബാക്കിയുണ്ടെന്നാവശ്യപ്പെട്ടാണ് സുന്ദരി നദീറിനെ പാറപ്പള്ളി വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തിയത്. സുന്ദരിയുടെയും നിഷാദിന്റെയും ഭീഷണി ഫോൺ സന്ദേശങ്ങൾ നദീറിന്റെ സെൽഫോണിൽ നിന്ന് കേസ്സന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.  അതിനിടയിൽ നദീറിന്റെ   ഭാര്യ മുബീനയും മാതാവും കഴിഞ്ഞ ദിവസം കുടകിലുള്ള വീട്ടിലേക്ക് പോയി.

LatestDaily

Read Previous

വ്യാപാര ലൈസൻസ് പുതുക്കൽ നഗരസഭയിൽ സങ്കീർണ്ണം

Read Next

പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയില്‍, പീഡനം കാഞ്ഞങ്ങാട്ടും