ജില്ലാ ആശുപത്രി തസ്തികകളിൽ  കടിച്ചുതൂങ്ങി താൽക്കാലിക ജീവനക്കാർ

സ്വന്തം ലേഖകൻ

കഞ്ഞങ്ങാട്: ജില്ലാ ആശുപത്രി അടക്കിവാഴുന്ന താൽക്കാലിക ജീവനക്കാരനെതിരെ പരാതികൾ  വ്യാപകം. പതിനഞ്ച് വർഷത്തിലേറെയായി ജില്ലാ ആശുപത്രിയിൽ ഒരേ തസ്തികയിൽ ജോലി നോക്കുന്ന താൽക്കാലിക ജീവനക്കാരനെതിരെയാണ് പരാതി. ആറ് മാസത്തെ  താൽക്കാലിക ഒഴിവിൽ ജില്ലാ ആശുപത്രിയിൽ കയറിപ്പറ്റിയ മടിക്കൈ ആലയിയിലെ രാജു ബാട്ടടുക്കമാണ് 15 വർഷത്തിലേറെയായി ജില്ലാ ആശുപത്രിയിൽ ഒരേ തസ്തികയിൽ ജോലി ചെയ്യുന്നത്.

നൂറുകണക്കിന് തൊഴിൽ രഹിതർ തൊഴിലില്ലാതെ അലയുമ്പോഴാണ് അധികൃതരുടെ മൗനാനുവാദത്തോടെ  രാജു തസ്തികയിൽ കടിച്ചു തൂങ്ങുന്നത്. സെക്യൂരിറ്റി കം ഡ്രൈവർ  തസ്തികയിൽ  ജില്ലാ ആശുപത്രിയിൽ കയറിയ രാജു തന്റെ നിയമന കാലാവധിയായ  6 മാസം പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും ജോലിയിൽ നിന്നും പിരിഞ്ഞു പോകാൻ തയ്യാറായിട്ടില്ല. ഇത്തരത്തിൽ  നിരവധി ജോലിക്കാർ  ജില്ലാ ആശുപത്രി താൽക്കാലിക ജോലികളിൽ കടിച്ചു തൂങ്ങിക്കിടക്കുന്നുണ്ട്.

ജില്ലാ ആശുപത്രിയിലെ താൽക്കാലിക നിയമനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ഇന്റർവ്യൂ നടത്തണമെന്നാണ് ചട്ടമെങ്കിലും ജില്ലാ ആശുപത്രിയിൽ കടിച്ചുതൂങ്ങുന്ന താൽക്കാലിക ജീവനക്കാർക്ക് അത് ബാധകമല്ല. അതിനാൽ തന്നെ താൽക്കാലിക നിയമനങ്ങളിലേക്കുള്ള ഇന്റർവ്യൂ വഴിപാടാകുയാണ് പതിവ്. സെക്യൂരിറ്റി  കം ഡ്രൈവർ തസ്തികയിലുള്ള ഉദ്യോഗാർത്ഥിയുടെ ചുമതല ആശുപത്രി സുരക്ഷാ ജോലിയും രാത്രികാലങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ ജില്ലാ  ആശുപത്രിയിലെ ഡോക്ടർമാരെ വാഹനത്തിൽ ആശുപത്രിയിലെത്തിക്കുക  എന്നതുമാണ്.

ജില്ലാ  ആശുപത്രിയിൽ  ഡോക്ടർമാരെ  സ്വാധീനിച്ചും  ഉദ്യോഗസ്ഥർക്കായി സേവനങ്ങൾ നടത്തിയുമാണ് രാജു ബാട്ടടുക്കം ഒരേ തസ്തികയിൽ 15 വർഷത്തിലേറെയായി തുടരുന്നത്. തൊഴിൽ  രഹിതരോടുള്ള ഈ അനീതിക്ക് ഡി.എം. ഒയും  ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവരും കൂട്ടുനിൽക്കുകയാണ്. സ്ഥിര ജീവനക്കാരുടെ സ്വകാര്യതയിൽ  ഇടപെടുന്നതിന്  രാജുവിനെതിരെ നിരവധി തവണ പരാതിയുമുയർന്നിരുന്നു. നഴിസിങ്ങ്  ജീവനക്കാരുടെ വിഷയങ്ങളിൽ  അനാവശ്യമായി തലയിടുന്ന രാജു ബാട്ടടുക്കത്തിനെതിരെ നഴ്സുമാർക്കിടയിലും അഭിപ്രായ  വ്യത്യാസമുണ്ട്. 

LatestDaily

Read Previous

പതിനാലുകാരിയെ പീഡിപ്പിച്ച പിതാവും ബന്ധുവും കസ്റ്റഡിയില്‍, പീഡനം കാഞ്ഞങ്ങാട്ടും

Read Next

തുറമുഖം കടലാസിൽ; തീരദേശ വാസികൾ തിര. ബഹിഷ്കരിക്കും 160 കുടുംബങ്ങൾ ഇത്തവണ വോട്ട് ചെയ്യില്ല