ഉണ്ണിത്താൻ ഉറപ്പു നൽകിയ  മംഗളൂരു രാമേശ്വരം ട്രെയിൻ എവിടെ— ?

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മംഗളൂരു രാമേശ്വരം ട്രെയിൻ സർവ്വീസ് യാഥാർത്ഥ്യമാക്കുമെന്ന്  ഉറപ്പു നൽകിയ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്കും  റെയിൽവേക്കും  മൗനം.  5 വർഷം മുമ്പ് റെയിൽവേയുടെ പരിഗണന പട്ടികയിൽ  ഉൾപ്പെടുത്തുകയും പിന്നീടങ്ങോട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ആവർത്തിച്ച് പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയും ചെയ്ത,  മംഗളൂരു രാമേശ്വരം പ്രതിവാര ട്രെയിനാണ്  മറ്റൊരു  തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിട്ടും ട്രെയിൻ എപ്പോൾ ഓടിത്തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമാവാതെ മുരടിച്ച് കിടക്കുന്നത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയായതിനെ തുടർന്ന് മംഗളൂരു രാമേശ്വരം ട്രെയിൻ ആഴ്ചയിൽ രണ്ടു ദിവസം സർവ്വീസ് നടത്തുന്നതിന് സമയപ്പട്ടിക തയ്യാറാക്കുകയും ഉടൻ ട്രെയിൻ സർവ്വീസ് ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇനിയും മംഗളൂരു രാമേശ്വരം ട്രെയിൻ പാളത്തിലിറങ്ങിയിട്ടില്ല. തമിഴ്നാട്ടിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ഏർവാടി, മധുര, പഴനി, രാമേശ്വരം, വേളാങ്കണ്ണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഉത്തര മലബാറിൽ നിന്ന് നേരിട്ടെത്താനുള്ള ഏക ട്രെയിനാണ് പ്രഖ്യപനത്തിലൊതുക്കിക്കളഞ്ഞ മംഗളൂരു രാമേശ്വരം ട്രെയിൻ.

നിലവിൽ ഈ സ്ഥലങ്ങളിലേക്കെത്തുന്നതിന് എറണാകുളം കരുനാഗപ്പള്ളി കോയമ്പത്തൂർ എന്നീ സ്റ്റേഷനുകളിൽ യാത്രക്കാരിറങ്ങി മൂന്ന് മണിക്കൂറിലധികം കാത്തു നിന്നുവേണം  ചെന്നെയിൽ നിന്നോ എറണാകുളത്തു നിന്നോ പുറപ്പെടുന്ന രാമേശ്വരത്തേക്കുള്ള ട്രെയിനിൽ കയറാൻ. കേരളത്തിന്റെ വടക്ക് നിന്ന് രാമേശ്വരത്തേക്ക് ട്രെയിൻ നേരിട്ടില്ലാത്തത് നൂറുകണക്കിന് യാത്രക്കാർക്കും വ്യാപാരാവശ്യത്തിനെത്തുന്നവർക്കും  വലിയ സമയ നഷ്ടവും സാമ്പത്തിക നഷ്ടവുമാണ് വരുത്തി വെക്കുന്നത്.

തമിഴ് നാട്ടിൽ നിന്നുള്ള യാത്രക്കാർക്ക് ദക്ഷിണ കർണ്ണാടകയിലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് കൂടി എത്തുന്നതിന് സഹായകമാകുന്ന രീതിയിലാണ് മംഗളൂരു രാമേശ്വരം ട്രെയിൻ കൊണ്ടുദ്ദേശിച്ചിരുന്നത്. 

LatestDaily

Read Previous

പാറപ്പള്ളി ബ്ലേഡ് റാക്കറ്റിൽ മൂന്നംഗ സംഘം, നദീറിന്റെ വീട്ടിലെത്തി പോലീസ് തെളിവ് ശേഖരിച്ചു

Read Next

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ  ചുറ്റിക്കറങ്ങുന്ന യുവാവിൽ ദുരൂഹത