ജില്ലാ ആശുപത്രി അത്യാഹിത വിഭാഗത്തിലെ പ്രാർത്ഥനാ സാമഗ്രികൾ നീക്കാൻ സൂപ്രണ്ടിന്റെ ഇടപെടൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രാർത്ഥനാ സാമഗ്രികൾ സ്ഥാപിച്ച സംഭവം ലേറ്റസ്റ്റ് പുറത്തുവിട്ടതിനെത്തുടർന്ന്  പ്രാർത്ഥനാ സാമഗ്രികൾ സൂപ്രണ്ടിന്റെ ഇടപെടലിൽ സ്ഥലത്ത് നിന്നും നീക്കി. ജില്ലാആശുപത്രിഅന്ധവിശ്വാസ  പ്രചാരണങ്ങളുടെ കൂത്തരങ്ങായ വാർത്ത ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ചതോടെ സംഭവം ആശുപത്രി ജീവനക്കാർക്കിടയിൽ ചർച്ചാ വിഷയമായിരുന്നു.

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രാർത്ഥനാ സാമഗ്രികൾ സ്ഥാപിച്ചതിന്റെ ചിത്രമടക്കം ലേറ്റസ്റ്റ് പുറത്തുവിട്ടിരുന്നു. ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിൽ നിന്നും അച്ചടിച്ചിറക്കുന്ന  കൃപാസനം പത്രം ജില്ലാശുപത്രി വാർഡിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന് പുറമെ കൃപാസനം  ധ്യാനകേന്ദ്രത്തിന്റേതെന്നവകാശപ്പെട്ട് ഒരു വെളുത്ത പൊടിയും അന്ധവിശ്വാസ പ്രചാരകർ ആശുപത്രി വാർഡുകളിൽ വിതരണം ചെയ്തിരുന്നു.

അത്ഭുത രോഗശാന്തിക്കായി കൃപാസനം പത്രം തലയ്ക്കു കീഴിൽ വെക്കാനാണ് പത്രത്തിന്റെ പ്രചാരകർ രോഗികളെ ഉപദേശിച്ചിരുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട രോഗികളെ പ്രവേശിപ്പിച്ചിരുന്ന വാർഡുകളിൽ ഒരു പ്രത്യേക മതവിഭാഗത്തിന്റെ പത്രം പ്രചരിപ്പിക്കുന്നതിനെതിരെ രോഗികൾക്കിടയിൽ പ്രതിഷേധമുയർന്നിരുന്നു. സർക്കാർ ചെലവിൽ ചികിത്സയും മരുന്നും നൽകുന്ന ആധുനിക സൗകര്യങ്ങളുള്ള ജില്ലാ ആശുപത്രിയിൽ നടക്കുന്ന അന്ധവിശ്വാസ പ്രചരണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നവരിൽ ഒരു ഡോക്ടർ വരെയുൾപ്പെട്ടിട്ടുണ്ട്. ലേറ്റസ്റ്റ് വാർത്ത വന്നതിന് തൊട്ടുപിന്നാലെ ജില്ലാശുപത്രി അത്യാഹിത വിഭാഗത്തിലെ പ്രാർത്ഥനാ സാമഗ്രികൾ നീക്കാൻ ജില്ലാ ആശുപത്രി സൂപ്രണ്ട് കർശന നിർദ്ദേശം നൽകുകയായിരുന്നു.

LatestDaily

Read Previous

ആത്മഹത്യ ചെയ്ത നദീറിന്റെ ആധാരം ബ്ലേഡുടമ പിടിച്ചുവെച്ചു

Read Next

ബലാത്സംഗക്കേസ്സിൽ ഷിയാസ് കരീമിനെതിരെ കുറ്റപത്രം