ബ്ലേഡുടമയുടെ ഭീഷണിക്ക് ഡിജിറ്റൽ തെളിവ്

സ്റ്റാഫ് ലേഖകൻ

ബേക്കൽ:  നാലുവർഷം മുമ്പ് പലിശയ്ക്ക് വാങ്ങിയ പണം മുഴുവൻ കൊടുത്തു തീർത്തിട്ടും, മുതലും പലിശയും ബാക്കിയുണ്ടെന്നാരോപിച്ച് പണം പറ്റിയ മൽസ്യ വിൽപ്പനക്കാരൻ പൂച്ചക്കാട്ടെ നദീറിനെ 32,  ബ്ലേഡുടമ വെള്ളിക്കോത്ത് സ്വദേശി രമേശൻ  ഭീഷണിപ്പെടുത്തിയതിന് ഡിജിറ്റൽ തെളിവ്.  നദീറിനെ ഫോണിൽ വിളിച്ച്  ” പണം താടോ… 4 കൊല്ലമായില്ലേ… ഞാൻ രമേശൻ വെള്ളിക്കോത്ത് ” എന്ന് പറയുന്ന ഓഡിയോ സന്ദേശം ആത്മഹത്യ ചെയ്ത നദീറിന്റെ മാതുലൻ അമ്പലത്തറയിലെ കുതിരുമ്മൽ മുസ്തഫ ബേക്കൽ പോലീസിന് കൈമാറി.  സിനോജ് എന്ന മറ്റൊരാളും നദീറിനെ അറവു പലിശയുടെ പേരിൽ ഭീഷണിപ്പെടുത്തിയിരുന്നു. ഈ സിനോജ് “തന്റെ ആൾ തന്നെയാണെന്ന്” നദീറിനോട് ബ്ലേഡുടമ  രമേശൻ, ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്.

കാഞ്ഞങ്ങാട്ടെ പുതിയ കോട്ടയിൽ പത്തു വർഷക്കാലമായി വെള്ളിക്കോത്ത്  രമേശൻ പണം പലിശയ്ക്ക് നൽകുന്ന ബ്ലേഡ് കമ്പനി നടത്തിവരികയാണ്. നദീറിനെ അറവു പലിശയ്ക്ക് ഭീഷണിപ്പെടുത്തിയ രമേശന്റെ പേരിൽ കേസെടുക്കണമെന്ന് നദീറിന്റെ അമ്പലത്തറയിലെ  മാതുലൻ, കുതിരുമ്മൽ മുസ്തഫ പോലീസ് അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 4 വർഷം മുമ്പ് പലിശയ്ക്ക് വാങ്ങിയ പണം മുഴുവൻ കൊടുത്തു തീർത്തിട്ടും രമേശൻ നിരന്തരം നദീറിനെ പണമാശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് സഹോദരീ പുത്രൻ നദിർ ജീവനൊടുക്കിയതെന്ന് നദിറിന്റെ ബന്ധുക്കൾ ലേറ്റസ്റ്റിനോട് പറഞ്ഞു.

Read Previous

ബ്ലേഡുടമയുടെ ഭീഷണിയിൽ പൂച്ചക്കാട് യുവാവ് ജീവനൊടുക്കി

Read Next

ആത്മഹത്യ ചെയ്ത നദീറിന്റെ ആധാരം ബ്ലേഡുടമ പിടിച്ചുവെച്ചു