ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹരീഷയ്ക്ക് കെ. ശ്രീകാന്ത് ഭക്ഷണം വാങ്ങി നൽകി
സ്റ്റാഫ് ലേഖകൻ
ബേക്കൽ: ബിജെപി സംസ്ഥാന സിക്രട്ടറി തൃക്കണ്ണാട് സ്വദേശി കെ. ശ്രീകാന്തിന്റെ വീട്ടിൽക്കയറി കുടുംബത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തിയ ബദിയടുക്ക സ്വദേശി ഹരീഷയെ 28, പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് നാടകീയ സംഭവം. തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിന് പിന്നിലുള്ള ശ്രീകാന്തിന്റെ വീട്ടിൽക്കയറിയ യുവാവ് വീടിനകത്തുള്ള ടോയ്്ലറ്റിൽ മൂത്രമൊഴിച്ചശേഷം അൽപ്പ സമയത്തിനകം നാടകീയമായി ഇറങ്ങിപ്പോകുകയായിരുന്നു.
“അവർ നിങ്ങളെ കൊല്ലുമെന്ന്” ഹരീഷ ശ്രീകാന്തിന്റെ മകളോട് പറഞ്ഞിട്ടാണ് പോയത്. അപരിചിതൻ വീട്ടിനകത്ത് നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട് ശ്രീകാന്തിന്റെ ഹൈസ്കൂൾ വിദ്യാർത്ഥിനിയായ മകൾ അനഘയും ശ്രീകാന്തിന്റെ ഭാര്യയും അമ്പരന്നു. പരിസരവാസികളെ വിളിച്ച് വിവരം പറയുമ്പോഴേയ്ക്കും വീട്ടിൽക്കയറിയ യുവാവ് അതിവേഗം രക്ഷപ്പെട്ടിരുന്നു.
അജ്ഞാതൻ വീട്ടിൽക്കയറിയ സംഭവം പോലീസിലെത്തിയതോടെ, പോലീസ് തൃക്കണ്ണാട് ക്ഷേത്ര പരിസരത്തും മറ്റുമുള്ള ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചപ്പോൾ, ഒരു ക്യാമറയിൽ നിന്ന് ലഭിച്ച യുവാവിന്റെ ഷർട്ടിന്റെ നിറം യുവാവിനെ തിരിച്ചറിയാൻ ഏറെ സഹായകമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിൽക്കയറിയ യുവാവ് ബദിയടുക്കയിലെ നെക്രാജ സ്വദേശി ഇരുപത്തിയെട്ടുകാരനായ ഹരീഷയാണെന്ന് തിരിച്ചറിഞ്ഞു.
നെക്രാജെയിലെ കാവേരിമൂല ചുക്രയുടെ മകനാണ് ഹരീഷെന്നും പോലീസ് ഉറപ്പാക്കി. ഹരീഷയെ വൈകുന്നേരത്തോടെ പോലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ, മൂത്രമൊഴിക്കാനാണ് വീട്ടിനകത്ത് കയറിയതെന്ന് ഹരീഷ പറഞ്ഞുവെങ്കിലും, വീട്ടിൽക്കയറിയതിനുള്ള കാരണം ദുരൂഹമായി തന്നെ നിലനിന്നു. വീട്ടിലെ കുളിമുറിയിൽ പൈപ്പ് കേടുവന്നതിനാൽ ഇന്നലെ രാവിലെ ശ്രീകാന്ത് പൈപ്പ് നന്നാക്കാൻ ഒരാളെ ഫോണിൽ വിളിച്ചിരുന്നുവെങ്കിലും, പൈപ്പ് നന്നാക്കുന്ന ആൾ വീട്ടിലെത്തിയതുമില്ല.
വീട്ടിൽക്കയറി കുടുംബാംഗങ്ങളിൽ അങ്കലാപ്പുണ്ടാക്കിയ ഹരീഷയുടെ പേരിൽ കേസ്സെടുക്കാൻ പോലീസ് തയ്യാറായെങ്കിലും, നെക്രാജെ ഹരീഷ ബിജെപിയുമായി അടുത്ത ബന്ധമുള്ള യുവാവാണെന്ന് കണ്ടെത്തിയതിനാൽ കേസ്സ് വേണ്ടെന്ന് വീട്ടുടമ ശ്രീകാന്ത് പോലീസിനെ അറിയിച്ചു. ഹരീഷയെ പോലീസ് ഇന്നലെതന്നെ വിട്ടയച്ചു. ഇന്നലെ രാത്രി ഹരീഷയ്ക്ക് സ്റ്റേഷനിൽ ഭക്ഷണം വാങ്ങി എത്തിച്ചത് പരാതിക്കാരനായ അഡ്വ. കെ. ശ്രീകാന്താണ്.