വിഎസ് ഓട്ടോസ്റ്റാന്റിലെ മാവുകൾ മുറിക്കുന്നു

നീലേശ്വരം:  നട്ടു നനച്ചു വളർത്തിയ തേന്മാവുകൾ തളിരിട്ടു പൂവിട്ട് കായ്ച്ചപ്പോൾ,  നീലേശ്വരം ബസ്സ്റ്റാൻഡിലെ വിഎസ് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ കണ്ണിൽ നിറയുന്നത് കണ്ണുനീർ. മൂന്നും നാലും വർഷം പ്രായമെത്തിയ നാല് മാവുകളാണ് ഓട്ടോ  സ്റ്റാൻഡിൽ നിറയെ കായ്ച്ച് നിൽക്കുന്നത്.

സിപിഎമ്മിനകത്തെ കടുത്ത വിഭാഗീയതയ്ക്കിടയിൽ വിഎസ് അച്യുതാനന്ദന്റെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ച് വിവാദമായ മുത്തശി മാവ് ഉണങ്ങിയപ്പോഴാണ് ഓട്ടോ ഡ്രൈവർ ഹരീഷ് രുവാച്ചേരിയുടെ നേതൃത്വത്തിൽ പരിസരപ്രദേശത്തുനിന്നുതന്നെ ശേഖരിച്ച മാവിന്റെ തൈകൾ ഇവിടെ നട്ടുവളർത്തിയത്.

ഇതിന് വെള്ളവും വളവും നൽകി ഓട്ടോ ഡ്രൈവർമാർ പരിചരിച്ച് വരികയായിരുന്നു. കടുത്ത വേനൽക്കാലത്ത് പോലും ഇവർ ഈമാവുകൾക്ക് ദൂരസ്ഥലങ്ങളിൽ നിന്നും വെള്ളം കൊണ്ടുവന്ന് നനച്ചിരുന്നു. കഴിഞ്ഞവർഷം മാവുകൾ പൂത്തിരുന്നുവെങ്കിലും വേണ്ടത്ര കായ്ച്ചിരുന്നില്ല. എന്നാൽ ഇത്തവണയാണ് നാലു മാവുകളും നിറയെ കായ്ച്ചത്. പക്ഷെ ഇവ പഴുക്കും മുമ്പേ കോടാലി വീഴുന്നതാണ് ഡ്രൈവർമാരെ സങ്കടത്തിലാക്കിയിരിക്കുന്നത്.

നീലേശ്വരത്ത് പുതിയ ബസ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കുന്നതിന്റെ  ഭാഗമായി ഓട്ടോ സ്റ്റാൻഡിനെ ഇവിടെ നിന്നും ഒഴിപ്പിക്കുകയാണ്. ഇതിന് പിന്നാലെ ഇവർ നട്ടുവളർത്തിയ മാവുകൾക്കും കോടാലി വീഴും. ബസ്റ്റാൻഡ് നിർമ്മാണം പൂർത്തിയാകുമ്പോൾ മാവുകൾ മുറിക്കേണ്ടി വരുമെന്ന് നഗരസഭ അധികൃതർ ഓട്ടോ  ഡ്രൈവർമാരെ അറിയിച്ചിട്ടുണ്ട്.

ഈ മാവുകൾ മുറിക്കുമെന്നത് ഓട്ടോ  ഡ്രൈവർമാർക്ക് ഹൃദയഭേദകമായ വേദനയുണ്ടാക്കുന്ന കാര്യമാണ്.  അതിനാൽ മാവുകളെ നിലനിർത്തിക്കൊണ്ട് ഷോപ്പിംഗ് കോംപ്ലക്സ് പണിയണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആവശ്യം. അല്ലാത്തപക്ഷം മാവുകൾ നഗരത്തിൽ തന്നെ മറ്റൊരിടത്ത് മാറ്റി നടണമെന്നും ഇവർ പറയുന്നു.

LatestDaily

Read Previous

ജ്യേഷ്ഠൻ അനുജനെ വെടിവെച്ചുകൊന്നു

Read Next

മയക്കുമരുന്ന് പ്രതി ഗോവയിൽ പിടിയിൽ