ലൈംഗികാരോപണ വിധേയനായ അധ്യാപകനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ കേന്ദ്രസർവ്വകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

പെരിയ: കേരള കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആക്ഷേപം നേരിടുന്ന ഇംഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഇഫ്തിഖാർ അഹ്‌മദിന്റെ സസ്‌പെൻഷൻ റദ്ദാക്കിയ വൈസ് ചാൻസലർ പ്രൊഫ. കെ സി ബൈജുവിന്റെ തീരുമാനത്തിനെതിരെ വിദ്യാർഥി സംഘടനകൾ  പ്രതിഷേധവുമായി രംഗത്തെത്തി. 

എസ്എഫ്ഐ  പ്രവർത്തകർ വൈസ് ചാൻസലറുടെ ഓഫീസ് ഉപരോധിച്ചു. അധ്യാപകന്റെ അടച്ചിട്ടിരിക്കുന്ന ഓഫീസ് വാതിലിൽ  ‘ഗെറ്റ് ഔട്ട്, ഇഫ്തിഖാർ’ എന്ന് എഴുതിയ പോസ്റ്റർ ഒട്ടിക്കുകയും സംഘടനയുടെ കൊടി നാട്ടുകയും ചെയ്തു. വീ വാണ്ട് ജസ്റ്റിസ് (ഞങ്ങൾക്ക് നീതി വേണം)’ എന്ന മുദ്രാവാക്യം ഉയർത്തി എബിവിപി പ്രവർത്തകർ രജിസ്ട്രാർ എം മുരളീധരൻ നമ്പ്യാരുടെ കാർ തടഞ്ഞു. സർവകലാശാല തീരുമാനത്തെ എൻഎസ്‌യുവും അപലപിച്ചു.

വിദ്യാർഥിനികൾ മാത്രമല്ല, മുഴുവൻ സ്ത്രീ സമൂഹവും കാംപസിൽ സുരക്ഷിതരല്ലെന്നാണ് എൻഎസ്‌യു പ്രസ്‍താവനയിൽ പറയുന്നത്. ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ICC) ശുപാർശയുടെ അടിസ്ഥാനത്തിൽ ഇൻഗ്ലീഷ് ആൻഡ് കംപാരിറ്റീവ് ലിറ്ററേചർ അസിസ്റ്റൻ്റ് പ്രൊഫസറായ ഇഫ്തിഖാർ അഹ്‌മദിനെ തിരിച്ചെടുക്കാൻ വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ കെ സി ബൈജു ഫെബ്രുവരി 23നാണ് ഉത്തരവിട്ടത്.

ചൊവ്വാഴ്ച   ഇഫ്തിഖാർ അഹ്‌മദ് ജോലിക്ക് ഹാജരാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും എത്തിയില്ലെന്ന് സമരത്തിലുള്ള വിദ്യാർഥികൾ പറഞ്ഞു. വകുപ്പിലെ ഒന്നാം വർഷ പിജി വിദ്യാർഥികളുടെ ക്ലാസുകളിൽ അശ്ലീല സംഭാഷണം നടത്തിയെന്നും നവംബർ 13 ന് പരീക്ഷ എഴുതുന്നതിനിടെ ക്ലാസിൽ ബോധരഹിതയായി വീണ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുമെന്നുമായിരുന്നു അധ്യാപകനെതിരെയുള്ള പരാതി.

അകാഡമിക് പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സർവകലാശാല ആദ്യം അധ്യാപകനോട് ആവശ്യപ്പെട്ടെങ്കിലും പിന്നീട് ആഭ്യന്തര പരിഹാര സമിതിയുടെ ഇടക്കാല റിപോർടിൻ്റെ അടിസ്ഥാനത്തിൽ 2023 നവംബർ 28ന് അധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

LatestDaily

Read Previous

കുടുംബത്തിലെ 4 പേരെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

Read Next

ജ്യേഷ്ഠൻ അനുജനെ വെടിവെച്ചുകൊന്നു