സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: മടിക്കൈയിലെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണ ശാലയ്ക്കെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മയുടെ പ്രക്ഷോഭം ശക്തമാകുന്നതിനിടെ സമരം തണുപ്പിക്കാൻ സിപിഎം ഇടപെടൽ. ഇന്നലെ വൈകുന്നേരം ജനകീയ പ്രതിഷേധ കൂട്ടായ്മ മാലിന്യ സംസ്ക്കരണ പ്ലാന്റിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാലിന്യ സംസ്ക്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് നടന്ന പന്തം കൊളുത്തി പ്രകടനത്തിനിടെ സിപിഎം നീലേശ്വരം ഏരിയാ സെക്രട്ടറി എം. രാജനും മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. പ്രകാശനും സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. മാർച്ച് 15 നുള്ളിൽ മടിക്കൈയിലെ മാലിന്യ പ്ലാന്റ് വിഷയത്തിൽ തീരുമാനമുണ്ടാക്കുമെന്ന ഉറപ്പിനെത്തുടർന്നാണ് ജനകീയ പ്രതിഷേധ കൂട്ടായ്മ ഇന്നലെ രാത്രി പ്രതിഷേധം അവസാനിപ്പിച്ചത്.