അഡ്യനടുക്ക ബാങ്ക് കവര്‍ച്ചയിൽ രണ്ടുകിലോ സ്വര്‍ണ്ണവും 17 ലക്ഷം രൂപയും നഷ്ടപ്പെട്ടു; കേരള രജിസ്ട്രേഷനിലുള്ള കാര്‍ അന്വേഷിക്കുന്നു

കാസര്‍കോട്: കര്‍ണ്ണാടക ബാങ്കിന്റെ അഡ്യനടുക്ക ശാഖയിലെ കവര്‍ച്ചയില്‍ നഷ്ടമായത് രണ്ടു കിലോ സ്വര്‍ണ്ണം, 17 ലക്ഷം രൂപയും. കഴിഞ്ഞ ദിവസം നടന്ന വന്‍ കവര്‍ച്ചയ്ക്കു പിന്നില്‍ കാസര്‍കോടു ഭാഗത്തു നിന്നും വാഹനത്തില്‍ എത്തിയ സംഘമാണെന്ന് സൂചന.

ഇതേ തുടര്‍ന്ന് പോലീസ് അന്വേഷണം കേരളത്തിലേയ്ക്കും വ്യാപിപ്പിച്ചു. വിട്്ല പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബാങ്ക് കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ജനല്‍ കമ്പികള്‍ മുറിച്ചു മാറ്റിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്.

അതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറന്നാണ് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്  വ്യാഴാഴ്ച രാവിലെ ബാങ്ക് തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരമറിഞ്ഞത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ സുരക്ഷയ്ക്കായി സ്ഥാപിച്ച അലാറം പ്രവര്‍ത്തിച്ചില്ലെന്ന്  കണ്ടെത്തി.

തകരാര്‍ കാരണമാണോ, അതോ കവര്‍ച്ചാ സംഘം കേടുവരുത്തിയതാണോയെന്ന്  പരിശോധിച്ചു വരികയാണ്. ലോക്കര്‍ റൂമിനകത്തുള്ള സിസിടിവി ക്യാമറയില്‍ കവര്‍ച്ചക്കാരുടേതെന്ന് സംശയിക്കുന്ന രണ്ടു ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഇവയും പരിശോധിച്ചു വരികയാണ്. മറ്റു സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അന്വേഷണത്തിന് നിര്‍ണ്ണായകമായേക്കുമെന്നാണ് സൂചന.

കേരള രജിസ്ട്രേഷനിലുള്ള ഒരു വാഹനം സംശകരമായ സാഹചര്യത്തില്‍ കടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ വാഹനം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കാസര്‍കോട്ട് ഉള്‍പ്പെടെ സംസ്ഥാനത്ത് നേരത്തെ നടന്ന സമാന ബാങ്ക് കവര്‍ച്ചകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും അന്വേഷണം തുടരുന്നുണ്ട്.

LatestDaily

Read Previous

കോടതി കസ്റ്റഡിയിൽ സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടി മണൽ പോലീസ് മറിച്ചുവിറ്റു

Read Next

പ്ലസ് വൺ വിദ്യാർത്ഥി ഉറക്കത്തിൽ മരിച്ചു