ഹോട്ടൽ വ്യാപാരത്തിന്റെ  അകംപൊരുളുകളിൽ മെട്രോപോൾ മൊയ്തു ഹാജി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: 1973 ജനുവരി 4ന് കോട്ടച്ചേരി ട്രാഫിക്ക് സർക്കിളിന് സമീപമുള്ള (ഇപ്പോൾ കിച്ച് മാർട്ട് നിലനിൽക്കുന്ന സ്ഥലം) കെട്ടിടത്തിൽ പ്രതിമാസം 600 രൂപ വാടക നൽകി ആരംഭിച്ച ഹോട്ടൽ മെട്രോപോൾ, ഹോട്ടൽ വ്യവസായ രംഗത്ത് വിസ്മയം സൃഷ്ടിച്ച കഥ മെട്രോ മൊയ്തു എന്ന  ചിത്താരിയിലെ കക്കൂത്തിൽ മൊയ്തു ഹാജി ലേറ്റസ്റ്റിനോട് പങ്കുവെച്ചു. പതിനാലാം വയസ്സിലാണ് കക്കൂത്തിൽ മൊയ്തു അജാനൂർ വാണിയം പാറ ജംഗ്ഷനിൽ പലചരക്ക് കട നടത്തിപ്പിലൂടെ കച്ചവട രംഗത്ത് ചുവടുറപ്പിക്കുന്നത്.

പിന്നീട് കോട്ടച്ചേരിയിൽ ആരംഭിച്ച ഹോട്ടൽ മെട്രോപോൾ അന്നത്തെ ഏറ്റവും പ്രശസ്തമായ ഹോട്ടലായി മാറി. എണ്ണപ്പെട്ട മറ്റു ഹോട്ടലുകളിൽ ചായയ്ക്ക് 10 പൈസ ഈടാക്കുമ്പോൾ മെട്രോപോൾ ഹോട്ടലിൽ കപ്പ് സോസറിൽ നൽകിയിരുന്ന ചായക്ക് 15 പൈസയാണ് വാങ്ങിയിരുന്നത്.  വിവിധ ഭാഗങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് ഭക്ഷണം കഴിക്കാനും ചർച്ച ചെയ്യാനുമൊക്കെ പറ്റിയ സ്ഥലമായി മെട്രോപോൾ ഹോട്ടൽ അക്കാലത്ത് മാറി.

പൊള്ളുന്ന അനുഭവങ്ങളുമായി നാല് പതിറ്റാണ്ട് മുമ്പ് തൊഴിൽ തേടി കാഞ്ഞങ്ങാട്ട് കാലുകുത്തിയവർക്ക് ഈ ഹോട്ടലിൽ അറിയാവുന്ന ജോലി നൽകി. പിന്നീട് പ്രവാസ ലോകത്തെത്തി ഉയർന്ന നിലയിലായ തന്റെ ഹോട്ടലിൽ ജോലി ചെയ്തിരുന്ന പലരും തന്നെ വന്ന് കണ്ട് സൗഹൃദം പുതുക്കാറുണ്ടെന്ന് മെട്രോ മൊയ്തു ഹാജി പറഞ്ഞു.

ഹോട്ടൽ വ്യവസായത്തിൽ ബുദ്ധി ശക്തിയും  കാര്യക്ഷമതയും പുലർത്തിയതിനാൽ കച്ചവടത്തിൽ സങ്കടപ്പെടേണ്ട യാതൊരു സാഹചര്യവും മെട്രോ മൊയ്തു ഹാജിക്കുണ്ടായില്ല.  അതുകൊണ്ട് തന്നെ ഹോട്ടൽ കച്ചവട രംഗത്ത് വിജയ ഗാഥ രചിച്ച അപൂർവ്വം ചിലരിൽ പ്രധാനിയായി മൊയ്തു ഹാജി മാറുകയായിരുന്നു.

കാര്യക്ഷമതയുടെ അഭാവം  എല്ലാ രംഗങ്ങളിലുമെന്നപോലെ ഹോട്ടൽ മേഖലകളിലും പ്രകടമാണ്. വളരെയേറെ പണവും സമയവും ചെലവാക്കി നിശ്ചിത സമയത്ത് കാര്യങ്ങൾ യഥാ വിധി നടത്താൻ സാധിക്കാത്തതിനാൽ എത്രയോ ഹോട്ടലുകൾ നഷ്ടത്തിൽ കലാശിച്ചിട്ട് അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന് മൊയ്തു ഹാജി ചൂണ്ടിക്കാട്ടി. മെട്രോപോൾ ഹോട്ടലിൽ കച്ചവട സമയത്ത് 5000 രൂപ ലഭിച്ചാൽ 3000 രൂപയും ലാഭ വിഹിതമായിരുന്നുവെന്ന് മൊയ്തു ഹാജി ഓർക്കുന്നു

ഏതാനും വർഷത്തെ  കച്ചവടത്തിനൊടുവിൽ വാടകയ്ക്ക് ഏറ്റെടുത്തിരുന്ന കെട്ടിടവും  20 സെന്റ് സ്ഥലവും ജന്മിയായിരുന്ന കാസർകോട്ടെ ലീഗ് നേതാവായിരുന്ന കെ എസ് അബ്ദുള്ളയിൽ നിന്ന് മെട്രോ മൊയ്തു ഹാജിയും പങ്കാളിയായ മെട്രോപോൾ യൂസഫും ചേർന്ന് സ്വന്തമാക്കുകയായിരുന്നു. നഗരമധ്യത്തിലെ 20 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനു കൂടി 15,400 രൂപയാണ് അന്ന് പ്രതി ഫലം നിശ്ചയിച്ചിരുന്നതെന്ന് മൊട്രോ മൊയ്തു ഹാജി വെളിപ്പെടുത്തി.

ഹോട്ടൽ സൗകര്യം  വിപുലീകരിക്കുന്നതിന്റെ ഭാഗമായി അവിടെ നിന്നും അൽപ്പം അടുത്തുള്ള കല്ലട്ര കോപ്ലക്സിലെ  വിശാലമായ കെട്ടിടത്തിൽ 1990 മുതൽ ഹോട്ടൽ മെട്രോ പാലസ് എന്ന പേരിൽ മെട്രോപോൾ പറിച്ചു നടുകയായിരുന്നു.  പെരുമാറ്റത്തിലും പ്രവർത്തനത്തിലും സാമാന്യമായി കാണാറുള്ള മെട്രോ മൊയ്തു ഹാജി ആരോഗ്യകരമായ കാരണങ്ങളാൽ 2012- ൽ ഹോട്ടൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. എഴുപത്തിയഞ്ചാം വയസ്സിലെത്തിയ അദ്ദേഹം സെൻട്രൽ ചിത്താരിയിലുള്ള വീട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയാണ്. ഭാര്യയും 2 പെൺ മക്കളടക്കം 5 മക്കളുണ്ട്

LatestDaily

Read Previous

സുഹൈറ തൂങ്ങിമരണം അഭിനയിച്ചത് ഭർത്താവിനെ ഭയപ്പെടുത്താൻ

Read Next

കോടതി കസ്റ്റഡിയിൽ സൂക്ഷിക്കാനേൽപ്പിച്ച തൊണ്ടി മണൽ പോലീസ് മറിച്ചുവിറ്റു