കായിക താരങ്ങളെ വഞ്ചിച്ച ട്രാവല്‍സ് സ്ഥാപനത്തിനെതിരെ കേസ്

പയ്യന്നൂര്‍: ദുബായില്‍ നടന്ന അന്തര്‍ദേശീയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുത്ത കായിക താരങ്ങളെ വഞ്ചിച്ചതായുള്ള പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. ജില്ലാ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സെക്രട്ടറി പയ്യന്നൂരിലെ.പി.പി.കൃഷ്ണന്റെ പരാതിയിലാണ് കവ്വായിയിലെ എം.അബ്ദുള്‍ ഗഫൂര്‍, കണ്ണൂര്‍ തളാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാസ് ഗ്രൂപ് ഓഫ് കമ്പനീസിന്റെ അക്കൗണ്ടന്റ് എം.കെ.ഉമൈബ, ഓഫീസ് മാനേജര്‍ സാന്ദ്ര സതീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ഒക്‌ടോബര്‍ 27 മുതല്‍ 29 വരെ ദുബായില്‍ നടന്ന അന്തര്‍ദേശിയ മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിന് 23 കായിക താരങ്ങളും കുടുംബാംഗങ്ങളുമള്‍പ്പെടെ 25 പേര്‍ക്കുള്ള ടൂര്‍ പാക്കേജ് ഒരുക്കി നല്‍കാമെന്ന വ്യവസ്ഥയില്‍ 10,75,000 രൂപ  പ്രതികളുടെ സ്ഥാപനത്തിൽ അടച്ചിരുന്നു. ഒരാള്‍ക്ക് യാത്രാചെലവിനത്തില്‍ 46,000 രൂപ വീതവും താമസ സൗകര്യവുമാണ് ടൂര്‍ പാക്കേജില്‍ വ്യവസ്ഥ ചെയ്തിരുന്നത്.

ഇവര്‍ നല്‍കിയ ടിക്കറ്റില്‍ ദുബായിലെത്തിയപ്പോഴാണ് തിരിച്ചുവരാനുള്ള ടിക്കറ്റുകള്‍ ക്യാന്‍സലാക്കിയതായി മനസിലായത്. അബുദാബിയിലെ മലയാളി സമാജം പ്രവര്‍ത്തകരുടേയും പയ്യന്നൂര്‍ സൗഹൃദവേദി പ്രവര്‍ത്തകരുടേയും സഹകരണത്തോടെ ആറരലക്ഷം രൂപ ചെലവാക്കിയാണ് തിരിച്ച് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കിയത്. പിന്നീട് നടന്ന അനുരഞ്ജന ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്നാണ് എഗ്രിമെന്റ് പ്രകാരമുള്ള സേവനങ്ങള്‍ നല്‍കാതെ പത്തേമുക്കാല്‍ ലക്ഷം രൂപ വാങ്ങി വഞ്ചിച്ചതിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

LatestDaily

Read Previous

ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായ റഫീഖ് അതിഞ്ഞാലിലെ പാവം ക്രൂരൻ

Read Next

ഗണേഷ് ഭവൻ ഉടമ അനന്തരായൻ അന്തരിച്ചു