ചെറുവത്തൂർ മദ്യശാല മടക്കരയിലേക്ക് മാറ്റാൻ നീക്കം

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിൽ പൂട്ടിയിട്ട കൺസ്യൂമർഫെഡ് മദ്യശാല മടക്കര ഹാർബറിന് സമീപത്തെ അധ്യാപികയുടെ കെട്ടിടത്തിലേക്ക് മാറ്റാൻ രഹസ്യനീക്കം. 2023  നവംബർ 23-ന് ചെറുവത്തൂർ റെയിൽവെ സ്റ്റേഷൻ റോഡിൽ എക്സൈസ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാല സിപിഎമ്മിന്റെ ഉന്നതനേതാവ് ഇടപെട്ട് പൂട്ടിച്ചതോടെ രണ്ട് മാസത്തിലധികമായി അടഞ്ഞു കിടക്കുകയാണ്.

സ്ഥാപനത്തിനകത്ത് നിന്നും മദ്യസ്റ്റോക്ക് നീക്കാനുള്ള ശ്രമങ്ങൾ സിഐടിയു ചുമട്ട് തൊഴിലാളികൾ തടഞ്ഞിരുന്നു. ചെറുവത്തൂർ മദ്യശാലയ്ക്ക് മുന്നിൽ ചുമട്ട് തൊഴിലാളികൾ നടത്തിയിരുന്ന രാപ്പകൽ സമരം സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടാണ് അവസാനിപ്പിച്ചത്. മദ്യശാല ചെറുവത്തൂരിൽ തന്നെ നിലനിർത്തുമെന്ന ഉറപ്പിലാണ് തൊഴിലാളികൾ സമരം അവസാനിപ്പിച്ചത്. മദ്യശാല മടക്കരയിലേക്ക് മാറ്റി പ്രശ്നമൊതുക്കാനാണ് ഇപ്പോൾ രഹസ്യനീക്കം നടക്കുന്നത്.

ചെറുവത്തൂർ കൺസ്യൂമർഫെഡ് മദ്യശാലയ്ക്ക് ചെറുവത്തൂർ സ്റ്റേഷൻ റോഡിലെ കെട്ടിടം കൈമാറിയ സ്റ്റുഡിയോ ഉടമയ്ക്ക് 7 മാസത്തോളമായി വാടക ലഭിച്ചിട്ടില്ല. കെട്ടിടത്തിൽ നേരത്തേയുണ്ടായിരുന്ന സ്ഥാപനം 10 ലക്ഷം രൂപ നൽകി ഒഴിപ്പിച്ചാണ് കെട്ടിടമുടമ കൺസ്യൂമർഫെഡിന് കൈമാറിയത്. പ്രതിമാസം 90000 രൂപ വാടക നിശ്ചയിച്ച് 9 മുറികളാണ് മദ്യശാലയ്ക്കായി കെട്ടിടമുടമ വിട്ടു നൽകിയത്.

വാടക ലഭിക്കാനായി ഉടമ ഹൈക്കോടതിയിൽ നൽകിയ സ്വകാര്യ അന്യായം ജനുവരി 30-ന് പരിഗണിച്ച കോടതി പരാതി ഫെബ്രുവരി 15-ന് പരിഗണിക്കാൻ മാറ്റിവെച്ചിട്ടുണ്ട്. വാടകയിനത്തിൽ ലഭിക്കുമായിരുന്ന വരുമാനം കൂടി ഇല്ലാതായ കെട്ടിടമുടമ കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലാണ്.

മടക്കരയിൽ കൺസ്യൂമർഫെഡ് മദ്യശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ പ്രാദേശിക പ്രതിഷേധമുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. മടക്കരയിൽ കൺസ്യൂമർഫെഡ് മദ്യശാലയ്ക്കായി നോക്കിവെച്ച കെട്ടിടം ആരാധനാലയത്തിന് സമീപത്താണെന്നും വാദമുണ്ട്.

LatestDaily

Read Previous

ബേഡകത്ത് പിടിയിലായത് വ്യാജ വിസ റാക്കറ്റ്

Read Next

ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായ റഫീഖ് അതിഞ്ഞാലിലെ പാവം ക്രൂരൻ