ഹണിട്രാപ്പ് സംഘം ആവശ്യപ്പെട്ടത് ഒരു കോടി

സ്വന്തം ലേഖകൻ

മേൽപ്പറമ്പ്: ഉദുമ മാങ്ങാട് സ്വദേശിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സംഭവം കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. കേസ്സിൽ അറസ്റ്റിലായി റിമാന്റിലായ ദമ്പതികൾക്കെതിരെ നിരവധി ക്രിമിനൽ കേസ്സുകളുണ്ടെന്നും പോലീസ് കണ്ടെത്തി. ഉദുമ മാങ്ങാട് താമരക്കുഴി തൈവളപ്പിൽ അബ്ദുള്ളക്കുഞ്ഞിയെ 59, സ്വത്തിടപാടിനെന്ന വ്യാജേന മംഗളൂരുവിലെത്തിച്ച് കെണിയിൽപ്പെടുത്തിയതിന്റെ മുഖ്യ സൂത്രധാരൻ മാങ്ങാട്ടെ ദിൽഷാദാണ്. അബ്ദുല്ലക്കുഞ്ഞിയെ ഹണിട്രാപ്പിൽപ്പെടുത്തിയ സംഘം പരാതിക്കാരനെയും യുവതിയെയും നഗ്നരാക്കി ചിത്രീകരിച്ച ചിത്രങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഒരു കോടി രൂപയാണ് ആവശ്യപ്പെട്ടത്.

ദിൽഷാദ് കല്ല്യാണവീട്ടിൽ പരിചയപ്പെട്ട അതിഞ്ഞാലിലെ റഫീഖിന്റെ പടന്നക്കാട്ടെ ഭാര്യാഗൃഹത്തിലെത്തിച്ചാണ് അബ്ദുല്ലക്കുഞ്ഞിയെ ഹണിട്രാപ്പ് സംഘം തടവിൽവെച്ചത്. അന്നേദിവസം 10000 രൂപ ഗൂഗിൾപേ വഴി തട്ടിപ്പ് സംഘത്തിന് കൈമാറിയ പരാതിക്കാരൻ തൊട്ടടുത്ത ദിവസമായ ജനുവരി 26-നാണ് ഹണിട്രാപ്പ് സംഘത്തിന് 4,90,000 രൂപ മേൽപ്പറമ്പിൽ കൈമാറിയത്. 30 ലക്ഷം രൂപ ആവശ്യപ്പെട്ട് സംഘം ജനുവരി 30-ന് അബ്ദുല്ലക്കുഞ്ഞിയെ  വീണ്ടും ഭീഷണിപ്പെടുത്തിയതോടെയാണ് ഇദ്ദേഹം പരാതിയുമായി മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തിയത്.

ഹണിട്രാപ്പ് തട്ടിപ്പിൽ അറസ്റ്റിലായ റുബീന, അബ്ദുല്ല, ഫൈസൽ, സിദ്ദിഖ്, ദിൽഷാദ് എന്നിവരെ കോടതി റിമാന്റ് ചെയ്തു. അറസ്റ്റ് ചെയ്തതിന് പിന്നാലെ തലകറങ്ങി വീണ മുട്ടത്തൊടിയിലെ മിസ്രിയ പോലീസ് കാവലിൽ ജില്ലാആശുപത്രിയിൽ ചികിത്സയിലാണ്. കേസ്സിലെ മറ്റൊരു പ്രതിയായ അതിഞ്ഞാലിലെ റഫീഖിനെ മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന പരിഗണന നൽകി കോടതി ജാമ്യത്തിൽ വിട്ടു.

ഹണിട്രാപ്പ് കേസ്സിൽ പ്രതികളായ ദമ്പതികൾക്കെതിരെ 3 വഞ്ചനാക്കേസ്സുകൾ നിലവിലുള്ളതായി പോലീസ് വെളിപ്പെടുത്തി. കോഴിക്കോട് പെരുമണ്ണ സ്വദേശി പി. ഫൈസൽ 37, ഭാര്യ കുറ്റിക്കാട്ടൂരിലെ ഏ.പി റുബീന 29, എന്നിവർക്കെതിരെയാണ് കേസ്സുകൾ നിലവിലുള്ളത്. ഇവർ അറസ്റ്റിലായ വിവരമറിഞ്ഞ് മേൽപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന  യുവതി പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. യുവതിയെ ഫൈസൽ വിവാഹവാഗ്ദാനം നൽകി പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്നാണ് പരാതി. കേസ്സിൽ പ്രതിയായ മിസ്രിയ വിവാഹത്തട്ടിപ്പിൽ ഫൈസലിന് കൂട്ടുനിൽക്കുന്നയാളാണെന്ന് സൂചനയുണ്ട്.

ഹണിട്രാപ്പ് തട്ടിപ്പിൽ റിമാന്റിൽക്കിടക്കുന്നവരെ കൂടുതൽ അന്വേഷണത്തിന് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിൽ വാങ്ങുമെന്ന് മേൽപ്പറമ്പ് എസ്ഐ, അരുൺ മോഹൻ പറഞ്ഞു. ഭാര്യയെ ഹണിട്രാപ്പ് തട്ടിപ്പിനുപയോഗിക്കുന്ന കോഴിക്കോട്ടെ പി. ഫൈസലിനെതിരെ വേറെയും കേസ്സുകളുള്ളതിനാൽ ഇയാളെയും ഭാര്യയെയും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ട്.

LatestDaily

Read Previous

പാചക വാതക പൈപ്പിടൽ ജോലി കോട്ടച്ചേരിയിൽ

Read Next

പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന് ബാഡ്ജ് ഓഫ് ഹോണർ