ഷമീറ ഒളിപ്പിച്ച  സ്വർണ്ണം കണ്ടുപിടിക്കാൻ  അത്യാധുനിക സ്കാനിംഗിന്  കഴിഞ്ഞില്ല

മലപ്പുറം: ശരീരത്തിൽ സ്വർണമൊളിപ്പച്ച് എയർപ്പോർട്ടിലെ അത്യാധുനിക സ്കാനിംഗ് സംവിധാനങ്ങളെ മറികടന്നെത്തിയ യാത്രക്കാരിയെ കരിപ്പൂർ വിമാനത്താവളത്തിൽ പോലീസ് അറസ്റ്റുചെയ്തു. കുന്നമംഗലം സ്വദേശിനിയായ ഷമീറയാണ്  45, പിടിയിലായത്. 1.34 കിലോ ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഷമീറയിൽ നിന്ന് സ്വർണ്ണം വാങ്ങാൻ എത്തിയ കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് 38, ജംഷീര്‍ 35, എന്നിവരെയും പിടികൂടിയിട്ടുണ്ട്.

അബുദാബിയിൽ നിന്ന് എയർ അറേബ്യയുടെ വിമാനത്തിലാണ് ഷമീറ എത്തിയത്. സ്വർണം വാങ്ങാൻ എയർപ്പോർട്ടിന് പുറത്ത് കാത്തുനിന്ന റിഷാദിനെയും ജംഷീറിനെയുമാണ് ആദ്യം പോലീസ് പിടികൂടിയത്. തുടർന്ന് ഷമീറയെയും കസ്റ്റഡിയിലെടുത്തു. ഇവരുടെ ദേഹപരിശോധനയിൽ വസ്ത്രത്തിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിൽ സ്വർണമടങ്ങിയ മൂന്നുപാക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വർണ്ണത്തിന് വിപണിയിൽ എൺപത് ലക്ഷത്തിലധികം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്.

നയതന്ത്ര സ്വർണക്കടത്ത് പിടികൂടിയ ശേഷം സംസ്ഥാനത്തേക്കുള്ള സ്വർണ്ക്കടത്തിൽ കുറവുണ്ടായിരുന്നെങ്കിലും അടുത്തിടെ വൻതോതിൽ കൂടിയിട്ടുണ്ട്. നേരത്തേ മലദ്വാരത്തിലും മറ്റും ഒളിപ്പിച്ചായിരുന്നു കടത്ത്. എന്നാലിപ്പോൾ എയർപോർട്ടിലെ പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ അതിവിദഗ്ദ്ധമായാണ് ഇവർ സ്വർണ്ണം ഒളിപ്പിക്കുന്നത്. വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇവരെ പോലീസാണ് പിടികൂടിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിന് പുറത്തു പോലീസ് പിടികൂടുന്ന എട്ടാമത്തെ സ്വർണ്ണക്കടത്താണ് ഷമീറയുടേത്.

LatestDaily

Read Previous

പാതയോരത്തുള്ള മാലിന്യം നീക്കി മുഹമ്മദ് റഫീക്കിന്റെ മാതൃക

Read Next

ബേഡകത്ത് പിടിയിലായത് വ്യാജ വിസ റാക്കറ്റ്