നദ്ദ വന്നില്ല; പകരം ഗോവ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി മുരളീധരനും  കെ സുരേന്ദ്രനും കാസർകോട്ടെത്തി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ  ഉദ്ഘാനത്തിന് പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ കാസർകോട്ടേക്ക് വരില്ല. പകരം ഗോവ മുഖ്യ മന്ത്രി പ്രകാശ് സാവന്ത് പദയാത്ര ഉദ്ഘാടനം ചെയ്യും. പ്രകാശ് സാവന്ത് ഇന്ന് പുലർച്ചെ കാസർകോട്ടെത്തിയിട്ടുണ്ട്. ഉദുമയിലെ ലളിത് റിസോർട്ടിലാണ്  ഗോവ മുഖ്യമന്ത്രി തങ്ങിയിട്ടുള്ളത്.

കേന്ദ്ര മന്ത്രി കെ. മുരളീധരൻ മംഗളുരു വിമാനത്താവളത്തിലിറങ്ങി ഇന്നലെ രാത്രിതന്നെ കാസർകോട്ടെത്തി. കറന്തക്കാട് താളിപ്പടുപ്പ് മൈതാനിയിൽ വൈകുന്നേരം 3–30 മണിക്ക് പദയാത്ര ഗോവ മുഖ്യ മന്ത്രി പ്രകാശ് സാവന്ത് ഉദ്ഘാടനം ചെയ്യും. കാസർകോട് നഗരം പരക്കെ ബി.ജെ.പി പതാകകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.

സമാഗതമായ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൽ നിന്ന് ഇത്തവണ തൃശൂർ ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രൻ  കാസർകോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് പദയാത്ര നടത്തുന്നത്. ഒരു ലോക്സഭാ മണ്ഡലത്തിൽ ഒരു പരിപാടി യെന്നോണം 20 ലോക്സഭാ മണ്ഡലങ്ങളിൽ പദയാത്രയിൽ കെ.സുരേന്ദ്രൻ പ്രസംഗിക്കും. കാസർകോട്ടെ പരിപാടി ഇന്ന് കാസർകോട്ട് അവസാനിക്കും. കണ്ണൂർ ലോക്സഭാ ണണ്ഡലത്തിൽ 29 ന് തിങ്കളാഴ്ചയാണ് പരിപാടി.

20 ലോക്സഭാ മണ്ഡലങ്ങളിൽ 20 പരിപാടികൾക്ക് ശേഷം പദയാത്ര പാലക്കാട്ട് സമാപിക്കും. തൃശൂർ ലോക്സഭാ മണ്ഡലം ഇക്കുറി എന്തു വിലകൊടുത്തും പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളിലും, ആവേശത്തിലുമാണ് ബി.ജെ.പി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഇടതു മുന്നണി സ്ഥാനാർത്ഥി സി.പി.ഐ യിലെ അഡ്വ: വി.എസ് സുനിൽകുമാറാണ്. ഒന്നാം പിണറായി സർക്കാറിൽ കൃഷിവകുപ്പ് മന്ത്രിയായി കഴിവുതെളിയിച്ച വി.എസ് സുനിൽകുമാറിന് വേണ്ടി  തൃശൂർ മണ്ഡലത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

സുരേഷ് ഗോപിക്ക് വേണ്ടിയും  മണ്ഡലത്തിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  കേരളം കാണാനിരിക്കുന്ന അതിശക്തമായ പോരാട്ടമായിരിക്കും ഇത്തവണത്തെ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ഉണ്ടാവുക.

Read Previous

മാണിക്കോത്ത് ഉറൂസ്സ് സംയുക്ത ജമാഅത്ത് നേതാക്കളെ മാറ്റി നിർത്തി

Read Next

സുനിൽകുമാറിന്റേത് അർഹമായ ബഹുമതി