ചെറുവത്തൂരിൽ കൺസ്യൂമർ മദ്യശാല ഇനിയുണ്ടാവില്ല

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ചെറുവത്തൂർ  കൺസ്യൂമർഫെഡ് മദ്യശാലാ വിവാദത്തിൽ ബലിയാടായ റീജണൽ മാനേജർ   നീലേശ്വരത്തെ പി.വി. ശൈലേഷ്  ബാബുവിനെ സ്ഥലം മാറ്റിയത് മദ്യശാല മാറ്റി സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം  കണ്ടെത്താനുള്ള ശ്രമത്തിനിടയിൽ  പൂട്ടിച്ച മദ്യശാലയ്ക്ക് പകരം ചെറുവത്തൂരിൽ തന്നെ അനുയോജ്യമായ സ്ഥലം  കണ്ടെത്തുമെന്ന സി.പി.എം. നേതാക്കളുടെ പ്രസ്താവനയുടെ  മഷിയുണങ്ങും മുമ്പേയാണ് മദ്യശാലയ്ക്കായി അനുയോജ്യമായ സ്ഥലം കണ്ടെത്താൻ ശ്രമിച്ച റീജണൽ മാനേജരെ കണ്ണൂരേക്ക് തട്ടിയത്.

എം.വി.ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് ബാറുടമസ്ഥ സംഘടനയ്ക്ക് നൽകിയ വാക്കാൽ ഉറപ്പിന്റെ ഭാഗമായാണ് ചെറുവത്തൂരിലാരംഭിച്ച കൺസ്യൂമർ ഫെഡ് മദ്യശാല തുടങ്ങിയ ദിവസം തന്നെ പൂട്ടിച്ചത്. ബാറുകളുടെ 2 കിലോ മീറ്റർ പരിധിയിൽ സർക്കാർ മദ്യ വിൽപ്പനശാലകൾ അനുവദിക്കില്ലെന്നായിരുന്നു മുൻ എക്സൈസ് മന്ത്രി ബാറുടമസ്ഥ  സംഘടനയ്ക്ക് വാക്കാൽ ഉറപ്പ് നൽകിയത്.

പയ്യന്നൂരിനും ചെറുവത്തൂരിനുമിടയ്ക്ക്  സർക്കാരിന്റെ മദ്യവിൽപ്പന ശാലകളില്ലാത്ത സാഹചര്യത്തിലാണ് മദ്യ ഉപഭോക്താക്കൾക്ക് ബാറുകളേക്കാൾ കുറഞ്ഞ നിരക്കിൽ മദ്യം ലഭ്യമാക്കുകയെന്ന  ലക്ഷ്യത്തോടെ ചെറുവത്തൂരിൽ കൺസ്യൂമർഫെഡ് മദ്യശാല ആരംഭിച്ചത്. നവംബർ 22 നാണ് ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യശാലയ്ക്ക് എക്സൈസ് വകുപ്പിന്റെ ലൈസൻസ് ലഭിച്ചത്.

ലൈസൻസ് ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ബട്ടത്തൂരിലെ കൺസ്യൂമർഫെഡ് ഗോഡൗണിൽ നിന്നും മദ്യം ചെറുവത്തൂരിലെത്തിക്കുകയും ചെയ്തു സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനം 23 ന് പ്രവർത്തന മാരംഭിച്ചുവെങ്കിലും, ഇരുപത്തിനാല് മണിക്കൂർ തികയും മുമ്പ് പാർട്ടി സംസ്ഥാന നേതാവ്  ജില്ലാ നേതാവുമായി ബന്ധപ്പെട്ട് മദ്യശാല പൂട്ടിച്ചു.

 ചെറുവത്തൂർ  മദ്യശാല പൂട്ടിക്കാൻ സിപിഎം നേതാവ് കാണിച്ച അനാവശ്യ തിടുക്കമാണ് ചെറുവത്തൂരിലെ വിവാദ പരമ്പരകൾക്ക്  കാരണമെങ്കിലും, കുറ്റം മുഴുവൻ  കൺസ്യൂമർഫെഡിന്റെ തലയിൽ കെട്ടി വെയ്ക്കാനാണ്  സിപിഎം ജില്ലാ നേതൃത്വം ശ്രമിച്ചത്.  ചെറുവത്തൂരിൽ കൺസ്യൂമർഫെഡ് മദ്യശാല വീണ്ടും  തുറക്കില്ലെന്നുറപ്പായ സാഹചര്യത്തിൽ ചെറുവത്തൂരിലെ  മദ്യസ്റ്റോക്ക് സ്ഥലത്ത് നിന്നും  മാറ്റാനാണ് സാധ്യത.

LatestDaily

Read Previous

ബിരിക്കുളത്ത് ക്വട്ടേഷൻ ആക്രമണം ; യുവാവിന്റെ കൈകാലുകൾ അടിച്ചുതകർത്തു

Read Next

വിവരാവകാശ പ്രകാരം അപേക്ഷിച്ച വീട്ടമ്മക്ക് കൃഷി ഓഫീസർ നൽകിയത് വിവരമില്ലാത്ത മറുപടി