മടിക്കൈ നാരായണൻ നായർ വധത്തിന് ഇന്ന് മുപ്പതാണ്ട്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: മടിക്കൈ സർവ്വീസ് സഹകരണ ബാങ്ക് വാച്ച്മാനും സിപിഎം മടിക്കൈ ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന പി. നാരായണൻ നായരുടെ മുപ്പതാം ചരമവാർഷിക ദിനത്തിൽ പാർട്ടി അനുസ്മരണം നടത്തുമ്പോഴും നാരായണൻ നായരുടെ ദുരൂഹ മരണത്തിന് കാരണക്കാരായവർ ഇപ്പോഴും കാണാമറയത്ത്. 1994 ഏപ്രിൽ 2-ന് പുലർച്ചെ 5 മണിക്കാണ് പി.  നാരായണൻ നായരെ ബാങ്ക് പരിസരത്ത് അജ്ഞാത സംഘം തലയ്ക്കടിച്ച് കൊന്നത്. രാത്രി ബാങ്ക് പരിസരത്ത് നിന്നും നാരായണൻ നായരുടെ നിലവിളി കേട്ട പരിസരവാസി സംഭവസ്ഥലത്ത് നിന്നും ചിലർ ഓടിപ്പോകുന്നതും കണ്ടിരുന്നു.

സിപിഎം മടിക്കൈ അമ്പലത്തുകര ലോക്കൽ കമ്മിറ്റിയംഗവും കർഷക സംഘം അമ്പലത്തുകര വില്ലേജ് സിക്രട്ടറിയും നീലേശ്വരം ഏരിയാക്കമ്മിറ്റിയംഗവുമായിരുന്ന പി. നാരായണൻ നായരെ ഇരുട്ടിന്റെ സന്തതികൾ കൊലപ്പെടുത്തിയിട്ട് 30 വർഷമായെന്ന് സിപിഎം അമ്പലത്തുകര ലോക്കൽ കമ്മിറ്റിയുടെ അനുസ്മരണ സന്ദേശത്തിൽ പറയുന്നു. ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ച് ക്ലേശകരമായ ജീവിത ചുറ്റുപാടുകളിലൂടെ കടന്നുപോയപ്പോഴും പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നാരായണൻ നായർ കൃത്യതയോടെ  നിറവേറ്റിയിരുന്നുവെന്നാണ് സിപിഎം മുഖപത്രത്തിലെ അനുസ്മരണക്കുറിപ്പിൽ സിപിഎം ലോക്കൽ സിക്രട്ടറി വിശദീകരിക്കുന്നത്.

ഉറച്ച പാർട്ടി പ്രവർത്തകനായ പി. നാരായണൻ നായരെ തലയ്ക്കടിച്ചു കൊന്ന ഇരുട്ടിന്റെ സന്തതികളെ മൂന്ന് പതിറ്റാണ്ടായിട്ടും കണ്ടെത്താത്തതിൽ പാർട്ടി  ഇന്നും മൗനത്തിലാണ്. ലോക്കൽ പോലീസ് മുതൽ സിബിഐ വരെ അന്വേഷണം നടത്തിയിട്ടും നാരായണൻ നായരുടെ ഘാതകരെ കണ്ടെത്താനായിട്ടില്ലെന്നതിൽ ദുരൂഹത തുടരുന്നുണ്ട്.  വധവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് പേരെ പിന്നീട് വിട്ടയച്ചതും ചരിത്രം.

മടിക്കൈ സഹകരണ ബാങ്കിന്റെ അമ്പലത്തുകര  ഹെഡ് ഓഫീസിന്റെ രാത്രി കാവൽക്കാരനായിരുന്ന പി. നാരായണൻ നായരെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് കണ്ടെത്തിയതെങ്കിലും, കൊലയാളികളെ മാത്രം കണ്ടെത്താനാകാത്ത മറിമായമാണ് നാരായണൻ നായർ വധക്കേസ്സിലുണ്ടായത്.

LatestDaily

Read Previous

മൗലവി വധക്കേസ് വിധി യുഡിഎഫിന് വീണുകിട്ടിയ ആയുധം

Read Next

പിതാവിനെ അടിച്ചുകൊന്ന മകൻ കസ്റ്റഡിയിൽ