വിദ്യാർത്ഥിയുടെ മുടി മുറിച്ച അധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ വീണ്ടും മാറ്റി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ദളിത് വിദ്യാർത്ഥിയുടെ മുടി മുറിച്ച കേസിൽ പ്രധാനാധ്യാപികയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്ത മാസം പരിഗണിക്കും.  ഡിസമ്പർ 14നായിരുന്നു അധ്യാപികയുടെ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റിവെച്ചിരുന്നത്.

വെസ്റ്റ് എളേരി നർക്കിലക്കാട് കോട്ടമല എം.ജി.എം.യു.പി സ്ക്കൂളിൽ പഠിക്കുന്ന അഞ്ചാം തരം  വിദ്യാർത്ഥിയുടെ മുടിമുറിച്ച കേസിൽ പ്രതിയായ ഷെർളി ജോസഫിന്റെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി രണ്ടാം തവണയും പരിഗണിക്കാതെ മാറ്റിവെച്ചത്. സർവ്വീസ് കാലാവധി തീരാറായ അധ്യാപികയെ സംഭവത്തെത്തുടർന്ന് സ്ക്കുൾ മാനേജ്മെന്റ് സസ്പെന്റ് ചെയ്തിരുന്നു.

ഒക്ടോബർ മാസത്തിലാണ് നർക്കിലക്കാട്ടെ യു.പി.സ്ക്കൂളിൽ കേസിനാസ്പദമായ സംഭവമുണ്ടായത്. നീട്ടി വളർത്തിയ മുടി മുറിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിന് പ്രധാനാധ്യാപിക ഷെർളി ജോസഫ് പ്രാകൃതമായ ശിക്ഷാനടപടി നടപ്പിലാക്കുകയായിരുന്നു. സഹപാഠികളുടെ മുന്നിൽ അപമാനിതനായതിന്റെ മനോവിഷമത്തിൽ വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചിരുന്നു.

ആദിവാസി മേഖലയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മഹിളാസമഖ്യയുടെ ജില്ലാ ഉദ്ദ്യോഗസ്ഥ എസ്.അനീസ,   വളന്റിയർ സുജാത എന്നിവരാണ് കോളനി സന്ദർശനത്തിനിടെ പഠനമുപേക്ഷിച്ച് വീട്ടിലിരിക്കുന്ന വിദ്യാർത്ഥിയെ കണ്ടെത്തിയത്.  ഇവരുടെ ഇടപെടലിനെ തുടർന്നാണ് പ്രധാനാധ്യാപിക നർക്കിലക്കാട് മൗവ്വേനിയിലെ ഷെർളി ജോസഫിനെതിരെ ചിറ്റാരിക്കാൽ പോലിസ് കേസെടുത്തത്.

എസ്.എം.എസ് വിഭാഗം ഏറ്റെടുത്ത കേസിൽ പട്ടികവർഗ്ഗക്കാർക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമങ്ങളടക്കം ചുമത്തിയാണ് കേസ്. സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ   കാലതാമസമുണ്ടാകുന്നതിനാൽ    തനിക്കെതിരെയുള്ള കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന അധ്യാപികയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്.

LatestDaily

Read Previous

മുര്‍സീനയുടെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍ അറസ്റ്റ് ഗാർഹിക പീഡനക്കേസ്സിൽ

Read Next

ബിരിക്കുളത്ത് ക്വട്ടേഷൻ ആക്രമണം ; യുവാവിന്റെ കൈകാലുകൾ അടിച്ചുതകർത്തു