ആഭരണ കവർച്ച, കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ

കണ്ണൂർ: പട്ടാപ്പകൽപൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 19പവന്റെ ആഭരണങ്ങൾ കവർന്ന നിരവധി കവർച്ചാ കേസുകളിലെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് സമീപം ഗാർഡർവളപ്പിൽ പി.എച്ച്.ആഷിഫിനെയാണ് 23, ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി. എ .ബിനുമോഹന്റെ നേതൃത്വത്തിൽ പിടികൂടിയത്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 10-30 മണിക്ക് പള്ളിക്കുന്ന് പന്നേൻ പാറയിലെ  വീട് പൂട്ടി പാപ്പിനിശ്ശേരി കല്യാണത്തിന് പോയ അമ്പാടി ഹൗസിൽ ജയാനന്ദന്റെ 60, വീട് കുത്തിത്തുറന്നാണ് സ്വർണ്ണാഭരണങ്ങൾ കവർന്നത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസ്സും വാതിലും കുത്തിതുറന്നു അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 19പവന്റെ ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നു. 

നിരീക്ഷണ ക്യാമറാദൃശ്യങ്ങളിലൂടെയും മൊബൈൽ ടവർ ലൊക്കേഷനും പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് കാഞ്ഞങ്ങാട്ടെത്തിയ പോലീസിനെ കണ്ടു  ഓടി രക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽ പാളത്തിലൂടെ പിന്തുടർന്ന്  ഹൊസ്ദുർഗ് പോലീസിന്റെ സഹായത്തോടെയാണ് ടൗൺ പോലീസ് പിടികൂടിയത്.  പൂട്ടിയിട്ട വീടുകളിൽ പട്ടാപ്പകൽ കവർച്ച നടത്തുന്ന പ്രതി കൊള്ള മുതലുകളുമായി തീവണ്ടി മാർഗം രക്ഷപ്പെടുകയാണ് പതിവ്.പോലീസ് ചോദ്യം ചെയ്യലിൽ ഇക്കഴിഞ്ഞ

ശനിയാഴ്ച വളപട്ടണത്ത് വീട് കുത്തി തുറന്നു മോഷണം നടത്തിയതും ആഷിഫ് ആണെന്ന് തെളിഞ്ഞു. പയ്യന്നൂർ ടൗണിലെ വ്യാപാരിയുടെ കേളോത്തെ വീട്ടിലും കാലിക്കടവ് ഏച്ചിക്കൊവ്വലിലും ചീമേനി, നീലേശ്വരം, ഹൊസ്ദുർഗ്, കാസർകോട്, പഴയങ്ങാടി, കണ്ണൂർ ടൗൺ എന്നിവിടങ്ങളിലുമായി 12 ഓളം കവർച്ചകേസുകൾ നിലവിലുണ്ട്. മോഷണ കേസുകളിൽ പ്രതിയായ ആഷിഫ് ആറ് മാസത്തെ കാപ്പാ തടവിന് തൃശൂർ ഹൈടെക് സുരക്ഷ ജയിലിൽ കഴിഞ്ഞിരുന്നു. ഈ മാസം 16 നാണ് ജയിലിൽ നിന്നിറങ്ങിയത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

LatestDaily

Read Previous

വിവാഹ വീട്ടിൽ ആഭാസം  മഹല്ലുകാർക്കിടയിൽ പുകയുന്നു

Read Next

മംഗളൂരു-ഗോവ വന്ദേ ഭാരത് 30-മുതൽ