വിവാഹ വീട്ടിൽ ആഭാസം  മഹല്ലുകാർക്കിടയിൽ പുകയുന്നു

അജാനൂർ: വിവാഹ വീട്ടിൽ വരന്റെ സുഹൃത്തുക്കൾ കാട്ടിക്കൂട്ടിയ ആഭാസത്തരം മഹല്ലുകാർക്കിടയിൽ പുകയുന്നു. ഇക്കഴിഞ്ഞ ദിവസം രാത്രിയിലാണ് മാണിക്കോത്ത് നിന്നും മണവാളനായ പ്രവാസിയോടൊപ്പം പള്ളിക്കരയിലെ വധു ഗൃഹത്തിലെത്തിയ കൗമാരക്കാരായ സുഹൃത്തുക്കൾ ആദ്യരാത്രി വരനോടൊന്നിച്ച് മണിയറയിൽ കഴിച്ച് കൂട്ടിയത്.

കല്യാണ രാത്രിയിൽ ആദരവോടെ വരനെയും കൂട്ടരെയും സ്വീകരിച്ച വധുവിന്റെ ബന്ധുക്കളുടെ അഭ്യർത്ഥന പോലും നിരാകരിച്ച് വരന്റെ കൂടെയെത്തിയ ചില സുഹൃത്തുക്കളാണ് വിവാഹ വീട്ടിൽ ആഭാസത്തരങ്ങൾക്കും ദുഷ്പ്രവർത്തികൾക്കും നേതൃത്വം നൽകിയത്. ആഘോഷത്തിന്റെ മറവിൽ ആദ്യരാത്രി വധുവിന് മണിയറയിൽ പ്രവേശിക്കാനാവാതെ മാറി നിൽക്കേണ്ടി വന്ന സംഭവം വധു വീട്ടുകാരെയും ഇരു മഹല്ലു നിവാസികളിലെ വിശ്വാസികളെയും രോഷകുലരാക്കിയിട്ടുണ്ട്.

ഏതാനും മാസംമുമ്പ് വിവാഹ ദിവസം ഉദുമയിലെ വരന്റെ സുഹൃത്തുക്കൾ വരനെ കാറിലിട്ട് പുലരുവോളം പല വഴി സഞ്ചരിച്ച് രാവിലെ വധുവിന്റെ  വീട്ടിൽ തിരിച്ചെത്തിച്ച സംഭവം ബന്ധുക്കൾക്കിടയിലും നാട്ടുകാരിലും വൻ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പവിത്രമായ വിവാഹവേളകൾ ഇസ്ലാം വിരുദ്ധവും  തെറ്റുകളുടെ വിഭവ കേന്ദ്രങ്ങളായും മാറ്റുന്ന യുവാക്കളുടെ  തോന്ന്യാസങ്ങൾക്കെതിരേ മുസ്ലിം സംഘടനകൾ നിഷ്ക്രിയത്വം പാലിക്കുന്നത് ഇത്തരക്കാർക്ക് പ്രോൽ സാഹനമായി  മാറുന്നു.

മുസ്ലിം വിവാഹ വീടുകളിൽ സമീപകാലത്തായി നടന്നു വരുന്ന വിവാഹത്തിന്റെ പേരിലുളള  അധാർമ്മികമായ പ്രവർത്തനങ്ങൾക്കെതിരേ മഹല്ലു കമ്മിറ്റികൾ പ്രതിരിക്കാത്തതും, നടപടി സ്വീകരിക്കാത്തതും വിവാഹ വീടുകൾ തിന്മകളുടെ കേന്ദ്രങ്ങളാവാൻ വഴിവെക്കുന്നുവെന്നണ് സാധാരണക്കാരായ രക്ഷിതാക്കളുടെ ആരോപണം.

LatestDaily

Read Previous

അഭിജിത്തിന്റെ മരണം: നാലംഗ സംഘത്തെ ചോദ്യം ചെയ്തു

Read Next

ആഭരണ കവർച്ച, കാഞ്ഞങ്ങാട് സ്വദേശി പിടിയിൽ