മയക്കുമരുന്ന് വേട്ടയ്ക്കിടെ കാറുമായി കടന്ന യുവാവിനെ തിരയുന്നു

സ്വന്തം ലേഖകൻ

അജാനൂർ: അതിഞ്ഞാലിൽ നടന്ന മയക്കുമരുന്ന് വേട്ടക്കിടെ പ്രതി അർഷാദ് 33 സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഇടിക്കുകയും സംഭവത്തിനുശേഷം കേടുവന്ന കാർ നിർത്താതെ ഓടിച്ചു പോവുകയും ചെയ്തതിന്റെ പിന്നിലുള്ള രഹസ്യം ഇനിയും വ്യക്തമായില്ല.   ഇക്കഴിഞ്ഞ ബുധനാഴ്ച ഒരു മണിയോടെയാണ് മയക്കുമരുന്നുമായി സഞ്ചരിച്ച അർഷാദിന്റെ കാറിന്റെ പിറകിൽ ഇതേ കാറും അകമ്പടി സേവിച്ചെത്തിയത്. 

അതിഞ്ഞാലിൽ പോലീസ് സംഘം അർഷാദ് സഞ്ചരിച്ച കാറിന്റെ കുറുകെ പോലീസ് വാഹനം കയറ്റിയപ്പോഴാണ് അർഷാദ് കാർ പിന്നിലോട്ടെടുത്തത്. ഈ സമയത്താണ് പിറകെ വന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്ത് ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബംബർ ഇളകി തൂങ്ങിയിരുന്നു.  എന്നാൽ നടന്നത് എന്താണെന്ന് പോലും പരിശോധിക്കാതെ തകർന്ന ബംബർ റോഡിലൂടെ വലിച്ചിഴച്ച് കാർ മുന്നോട്ട് ഓടിച്ചു പോവുകയായിരുന്നു.അല്പം ദൂരം സഞ്ചരിച്ച കാർ കെഎസ്ടിപി റോഡിൽ നിന്നും വഴിമാറി കിഴക്കോട്ട് പോകുന്ന ഇടവഴിയിലൂടെ ഓടിച്ചു പോവുകയാണുണ്ടായത്.

ഈ കാർ ആരാണ് ഓടിച്ചിരുന്നതെന്നോ അപകട സ്ഥലത്ത് നിന്നും ധൃതിയിൽ ഓടിച്ചു പോയതെന്തിനാണെന്നോ ഉള്ള ചോദ്യത്തിന് ഉത്തരം തേടുകയാണ് നാട്ടുകാർ.  മയക്കുമരുന്ന് കേസിലെ പ്രതി അർഷാദിന്റെ കാർ പിന്നിലുള്ള കാറുമായി ഇടിക്കുന്നതും കേടുപാടുകൾ സംഭവിച്ച കാർ നിർത്താതെ മുമ്പോട്ട് ഓടിച്ചു പോകുന്നതുമെല്ലാം സ്ഥലത്തെ നിരീക്ഷണ ക്യാമറയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. 

ഗ്രാമ തീരപ്രദേശങ്ങളിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെട്ടിരുന്ന പല യുവാക്കളും അടുത്തകാലത്തായി സാമ്പത്തികശേഷിയുള്ളവരായി മാറിയതിന്റെ പിന്നിൽ മയക്കുമരുന്ന് കച്ചവടമാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഏതാനും മാസം മുമ്പ് കോയാപള്ളിക്ക് മുമ്പിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടം കേന്ദ്രീകരിച്ച് കഴിഞ്ഞദിവസം അറസ്റ്റിലായ അർഷാദും സംഘവും മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായുള്ള വിവരം ഹോസ്ദുർഗ്ഗ് പോലീസിനെ  അറിയിച്ചെങ്കിലും നടപടിയെടുത്തിരുന്നില്ലെന്ന് അതിഞ്ഞാലിലെ  പൊതുപ്രവർത്തകനും ജമാഅത്ത് ഭാരവാഹിയുമായ യുവാവ് ലേറ്റസ്റ്റി നോട് പറഞ്ഞു.

LatestDaily

Read Previous

കാഞ്ഞങ്ങാട് ഖാസിയെ  മാറ്റിനിർത്തി  അതിഞ്ഞാൽ ഉറൂസ്സ് തുടങ്ങി

Read Next

ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾ, വി. ഗോപി ഡയറക്ടർ സ്ഥാനം രാജിവെച്ചു