മദ്യശാല വിവാദം ഏരിയാ കമ്മിറ്റിയുടെ തലയിൽ കെട്ടിവെച്ച് സിപിഎം ജില്ലാസെക്രട്ടറി തലയൂരി

സ്വന്തം ലേഖകൻ

ചെറുവത്തൂർ : സി പി എം ഉന്നത നേതാവ് ഇടപെട്ട് പൂട്ടിച്ച ചെറുവത്തൂർ  കൺസ്യൂമർ ഫെഡ് മദ്യശാല തർക്കം സി പി എം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ തലയിലിട്ട് പാർട്ടി ജില്ലാ സെക്രട്ടറി തലയൂരി. മദ്യശാല വിവാദം പ്രാദേശിക വിഷയമാണെന്ന ന്യായം പറഞ്ഞാണ് സി പി എം ജില്ലാ സെക്രട്ടറി എം. വി. ബാലകൃഷ്ണൻ ചെറുവത്തൂർ ഏരിയാകമ്മിറ്റിയുടെ തലയിൽ കെട്ടി വെച്ചത്. 

ജില്ലാ സെക്രട്ടറി താമസിക്കുന്ന ഏരിയാ  കമ്മിറ്റിക്ക് കീഴിലുള്ള വിവാദ വിഷയത്തിൽ നിന്നാണ് അദ്ദേഹം തന്ത്ര പൂർവ്വം ഒഴിവായത്.  നവംബർ 23ന് ചെറുവത്തൂർ സ്റ്റേഷൻറോഡിൽ പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് മദ്യശാല ജില്ലാ സെക്രട്ടറിക്കുവന്ന ഒരു ഫോൺവിളിയിലൂടെയാണ് അപ്രത്യക്ഷമായത്.  

സി പി എം ഉന്നത നേതാവിന്റെ ഫോൺ വിളിക്ക് പിന്നാലെ ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശ പ്രകാരം വിളിച്ചു ചേർത്ത    ചെറുവത്തൂർ ഏരിയാ കമ്മിറ്റി യോഗത്തിലാണ് മദ്യശാല പൂട്ടിക്കാൻ തിരുമാനമായത്.  കൺസ്യൂമർ ഫെഡ് മദ്യശാലയിലെ സ്റ്റോക്ക് സ്ഥലത്ത് നിന്നും  മാറ്റുന്നതിനെതിരെ സി ഐ ടി യു ചുമട്ടു തൊഴിലാളി യൂണിയൻ ആരംഭിച്ച തൊഴിൽ സമരം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും, സമരത്തെ സി പി എം ജില്ലാ നേതൃത്വം അവഗണിച്ചിരിക്കുകയാണ്.

മദ്യശാല പൂട്ടിക്കാൻ ഇടപെട്ടത് സി പി എം ഉന്നത നേതാവായിരുന്നതിനാൽ, ജില്ലാ നേതൃത്വം ചെറുവത്തൂർ മദ്യശാല വിവാദത്തിൽ നിസ്സഹായരാണ്. ഈ നിസ്സഹായതയിൽ നിന്നും തലയൂരാനാണ് വിഷയം പ്രാദേശികമാണെന്ന നിലപാട് സി പി എം ജില്ലാ സെക്രട്ടറി സ്വീകരിച്ചത്.

മദ്യശാല വിവാദം സി പി എം ചെറുവത്തൂർ ഏരിയാ കമ്മിറ്റിയുടെ തലയിൽ കെട്ടിവച്ചതോടെ ഏരിയ നേതൃത്വവും ധർമ്മ സങ്കടത്തിലാണ്.  സി പി എമ്മിന് ഉറച്ച അടിത്തറയുള്ള ചെറുവത്തൂരിൽ തൊഴിലാളികളെ അവഗണിച്ച് പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ല. 

സംസ്ഥാന നേതാവ് ഇടപെട്ട് പൂട്ടിച്ച ചെറുവത്തൂർ കൺസ്യൂമർഫെഡ് മദ്യ വിൽപ്പന ശാല അടുത്ത കാലത്തൊന്നും തുറന്നു പ്രവർത്തിക്കാൻ സാധ്യതയില്ലാത്തതിനാൽ പ്രശ്നം   പരിഹരിക്കുന്നതെങ്ങനെയെന്ന തലവേദനയിലാണ് സി പി എം ചെറുവത്തൂർ ഏരിയകമ്മിറ്റി നേതൃത്വം   

Read Previous

പൈപ്പ് ലൈൻ കുഴിയിൽ വീണ് മെമ്പർക്ക് പരിക്ക്

Read Next

കാഞ്ഞങ്ങാട് ഖാസിയെ  മാറ്റിനിർത്തി  അതിഞ്ഞാൽ ഉറൂസ്സ് തുടങ്ങി