റെയിൽവേ മണ്ണിട്ട് നികത്തിയത് ഡാറ്റാബാങ്കിൽപ്പെട്ട തണ്ണീർത്തടം

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പാവപ്പെട്ടവർ ആവശ്യത്തിന് 5 സെന്റ് ഭൂമി തരം മാറ്റുന്നതിന് നൽകിയ അപേക്ഷകൾ വർഷങ്ങളായി കെട്ടിക്കിടക്കുമ്പോൾ  തണ്ണീർതട സംരക്ഷണ നിയമം അട്ടിമറിച്ച്  ഡാറ്റാ ബാങ്കിൽ  ഉൾപ്പെട്ട ഹെക്ടർ കണക്കിന് തണ്ണീർതടം റെയിൽവേ മണ്ണിട്ട്  നികത്തി. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് തെക്ക് മാറി കിഴക്ക് ഭാഗത്തുള്ള ഹൊസ്ദുർഗ് വില്ലേജ്  പരിധിയിൽ വരുന്ന തണ്ണീർ തടമാണ് റെയിൽവേ സ്റ്റേഷനിലെത്തുന്ന  വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യത്തിന് വേണ്ടി മണ്ണിട്ട് നികത്തിയിട്ടുള്ളത്.  തണ്ണീർ തടം നികത്തുന്നതിന് വേണ്ടി കുന്നിടിച്ച് നൂറു  കണക്കിന്  ലോഡ് മണ്ണാണ്  രാപ്പകൽ ഭേദമന്യേ ഇവിടെയെത്തിച്ച് യാതൊരു തടസ്സവും കൂടാതെ  തണ്ണീർതടം മൂടികൊണ്ടിരുന്നത്. അശാസ്ത്രീയമായ രീതിയിൽ തണ്ണീർതടം  മണ്ണിട്ട് നികത്തിയതോടെ  ഭാവിയിൽ പാരിസ്ഥിതിക വ്യവസ്ഥയെയും പരിസര പ്രദേശത്തെ   താമസക്കാരെയും ദോഷകരമായി ബാധിക്കാനിടയുണ്ടെന്ന് സമീപ വാസികൾ പറയുന്നു.                       

കാലാകാലങ്ങളായി മഴവെള്ളം  വയലിലേക്ക് ഒഴുകാൻ സൗകര്യപ്രദമായ തണ്ണീർതടമാണിത്. ദുർബ്ബലവിഭാഗങ്ങൾ  വീട് വെക്കുന്നതിന് വേണ്ടി ഭൂമി ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കി തരണമെന്നുള്ള നൂറുകണക്കിന് സങ്കടഹരജികൾ ആർ.ഡി.ഒ. കൃഷി ഭവൻ,വില്ലേജ് ഒാഫീസ് എന്നിവിടങ്ങളിൽ തീർപ്പാക്കാതെ പൊടിപിടിച്ച് കിടക്കുമ്പോഴാണ് റെയിൽവേയുടെ കൈവശമുള്ള ഡാറ്റാബാങ്കിലുൾപ്പെട്ട തണ്ണീർതടം നിർബാധം  മണ്ണിട്ട് നികത്തുന്നതിന് റവന്യൂ വകുപ്പ് അനുമതി നൽകിയത്. അധികൃതരുടെ ഈ നടപടി സാധാരണ പൗരന്റെ അവകാശത്തെ നിഷേധിക്കലാണെന്നാണ് ആക്ഷേപം

LatestDaily

Read Previous

മദ്യശാലാതർക്കത്തിൽ നാളെ തീരുമാനമായേക്കും

Read Next

സംഘർഷത്തിൽ പരിക്കേറ്റ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ