മദ്യശാലാതർക്കത്തിൽ നാളെ തീരുമാനമായേക്കും

സ്വന്തം ലേഖകൻ

ചെറുവത്തൂർ: സിപിഎം ഉന്നത നേതാവ് ഇടപെട്ട് പൂട്ടിച്ച ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയുടെ ഭാവി നാളെ നടക്കുന്ന സിപിഎം ജില്ലാസിക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിക്കും. പൂട്ടിച്ച മദ്യശാലയിലെ സ്റ്റോക്ക് സ്ഥലത്ത് നിന്നും മാറ്റുന്നതിനെതിരെ സിഐടിയു  ചുമട്ടുതൊഴിലാളികൾ  സ്ഥാപനത്തിന് മുന്നിൽ കൊടി നാട്ടിയതിന്  പിന്നാലെ നടക്കുന്ന ജില്ലാ സിക്രട്ടറിയേറ്റ് യോഗത്തിൽ  ചെറുവത്തൂരിലെ മദ്യശാലാവിവാദവും ചർച്ചയാകും മദ്യശാല ചെറുവത്തൂരിൽ നിലനിൽക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി തന്നെ  ചുമട്ടുതൊഴിലാളികളെ അറിയിച്ച സാഹചര്യത്തിൽ മറിച്ചൊരു തീരുമാനം  സെക്രട്ടറിയേറ്റിൽ നിന്നും ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

ഇന്നലെ നടന്ന സിപിഎം ചെറുവത്തൂർ ഏരിയാകമ്മിറ്റിയോഗം ചെറുവത്തൂർ കൺസ്യൂമർഫെഡ് മദ്യശാല ഉടൻ തുറക്കുമെന്ന് ചുമട്ടു തൊഴിലാളി യൂണിയന് വാഗ്ദാനം നൽകിയതായി സൂചനയുണ്ട്. മദ്യശാലാവിവാദത്തിൽ ഏരിയാ കമ്മിറ്റി ചുമട്ടുതൊഴിലാളികൾക്ക് അനുകൂലമായ നിലപാടാണ് ഇന്നലെ നടന്ന യോഗത്തിൽ സ്വീകരിച്ചത്.

അതേ സമയം,ചെറുവത്തൂർ കൺസ്യൂമർ  ഫെഡ് മദ്യശാലാ വിഷയത്തിൽ ഉടൽ തീരുമാനമുണ്ടാക്കണമെന്നുമാണ് കൺസ്യൂമർഫെഡിന്റെ നിലപാട്. ചെറുവത്തൂരിൽ സ്റ്റോക്കുള്ള  മദ്യം ദീർഘകാലം സൂക്ഷിക്കാനാകില്ലെന്നും സ്റ്റോക്ക് മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനുള്ള സാഹചര്യമൊരുക്കണമെന്നാണ്  കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥർ സിപിഎം പ്രാദേശിക നേതൃത്വത്തെ അറിയിച്ചത്.

എക്സൈസ് അനുമതിയോടെ ചട്ടങ്ങൾ പാലിച്ച് ചെറുവത്തൂരിൽ പ്രവർത്തനമാരംഭിച്ച കൺസ്യൂമർഫെഡ് മദ്യവിൽപനശാല സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് പൂട്ടിച്ചെന്നാണ് ചുമട്ടുതൊഴിലാളികൾ ആരോപിക്കുന്നത്. സിപിഎം ഏരിയ നേതൃത്വവും ചുമട്ടുതൊഴിലാളി യൂണിയനും രണ്ടുതട്ടിലായ മദ്യശാലാവിവാദത്തിൽ സിപിഎം ജില്ലാനേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ചുമട്ടുതൊഴിലാളി യൂണിയൻ ഉറ്റുനോക്കുന്നത്.

സംസ്ഥാനത്തെ ഉന്നത നേതാവിന്റെ ഫോൺ വിളി സിപിഎം ജില്ലാസിക്രട്ടറിക്ക് ലഭിച്ചതിന് പിന്നാലെയാണ് ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താരംഭിച്ച കൺസ്യൂമർഫെഡ് മദ്യവിൽപനശാലയ്ക്ക് അകാല ചരമമുണ്ടായത്.

LatestDaily

Read Previous

എംപിക്ക് ഹാരമണിയിക്കാൻ ലീഗിൽ ബലാബലം

Read Next

റെയിൽവേ മണ്ണിട്ട് നികത്തിയത് ഡാറ്റാബാങ്കിൽപ്പെട്ട തണ്ണീർത്തടം