ഹോസ്ദുർഗ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് വിമത സ്ഥാനാർത്ഥികൾക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക വിഭാഗം സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന വിമത സ്ഥാനാർത്ഥികളെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ പത്രക്കുറിപ്പിൽ അറിയിച്ചു.

പത്മരാജൻ ഐങ്ങോത്ത്, കെ. ചന്ദ്രൻ ഞാണിക്കടവ്, വി. പ്രദീപൻ മരക്കാപ്പ് കടപ്പുറം, എച്ച്. ബാലൻ കാഞ്ഞങ്ങാട് കടപ്പുറം, ജയശ്രീ മുറിയനാവി, കെ. വി നാരായണൻ എന്നീ വിമത സ്ഥാനാർത്ഥികളെയാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പരാതിയിൽ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഇവരിൽ ജയശ്രീ മുറിയനാവി തന്റെ സ്ഥാനാർത്ഥിത്വം മരവിപ്പിച്ചതായി ഡിസിസി പ്രസിഡണ്ടിന് കത്ത് നൽകിയിട്ടുണ്ട്.

ഡിസിസി പ്രസിഡണ്ട് പ്രഖ്യാപിച്ച കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെയാണ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്തിന്റെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി അച്ചടക്കം ലംഘിച്ച് പരസ്യമായി പോരിനിറങ്ങിയത്. യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതിയാരോപിച്ച് പത്മരാജൻ ഐങ്ങോത്ത് കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയാണ് വിമത സ്ഥാനാർത്ഥികളെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തതായി ഡിസിസി പ്രസിഡന്റിന്റെ പത്രക്കുറിപ്പി റങ്ങിയത്.

പത്മരാജൻ  ഐങ്ങോത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന വിമത പ്രവർത്തനങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ അസഭ്യം പറഞ്ഞതിന് ഒരുതവണ അച്ചടക്ക നടപടി നേരിട്ടയാളാണ് പത്മരാജൻ ഐങ്ങോത്ത്. പാർലമെന്റ് സമ്മേളനത്തിന് ട്രെയിനിൽ ന്യൂഡൽഹിയിലേക്ക് പോകുമ്പോഴാണ് ട്രെയിനിൽ അതിക്രമിച്ചു കയറിയ പത്മരാജൻ എംപിയെ തെറിവിളിച്ചത്.

പത്മരാജൻ കൂടി ഡയറക്ടറായിരുന്ന ബാങ്ക് ഭരണസമിതിക്കെതിരെയാണ് ഇദ്ദേഹം അഴിമതിയാരോപണവുമായി രംഗത്തെത്തിയതെന്ന് എതിർപക്ഷം ആരോപിക്കുന്നു. ഡിസംബർ 24ന് നടക്കുന്ന ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ വിമതർ മത്സരത്തിലുറച്ചു നിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് സംഘർഷഭരിതമാകുമെന്ന് സൂചനയുണ്ട്.

LatestDaily

Read Previous

ചെറുവത്തൂർ മദ്യശാലയിലെ േസ്റ്റാക്ക് പോലീസ് സഹായത്താൽ നീക്കും, നേരിടുമെന്ന് ചുമട്ട് തൊഴിലാളികൾ

Read Next

ഗഫൂർഹാജി കർമ്മ സമിതി സമരത്തിലേക്ക്