ചെറുവത്തൂരിൽ  സംഘർഷ സാധ്യത മദ്യശേഖരം നീക്കാൻ സിപിഎം പോലീസ് സഹായം തേടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ചെറുവത്തൂരിൽ നാളെ നടക്കാനിരിക്കുന്നത് വൻ സംഘർഷം. സിപിഎം നേതൃത്വത്തിന്റെ നിർദ്ദേശത്താൽ പൂട്ടിയിട്ട കൺസ്യൂമർ ഫെഡ് മദ്യശാല തുറക്കണമെന്ന സിഐടിയു ചുമട്ടുതൊഴിലാളികളുടെ ആവശ്യത്തിന് പുല്ലുവില കൽപ്പിച്ച് നാളെ പോലീസ് സഹായത്തോടെ ഈ മദ്യവിൽപ്പന ശാലയിലുള്ള മദ്യ ശേഖരം മറ്റൊരിടത്തേക്ക് മാറ്റാനുള്ള നീക്കം നടന്നുവരികയാണ്.

മദ്യശേഖരം മാറ്റാൻ സിപിഎം നേതൃത്വം പോലീസ് സഹായം തേടിയിട്ടുണ്ട്. തൽസമയം തങ്ങളുടെ നെഞ്ചത്ത് ചവിട്ടിയായിരിക്കും പോലീസ് മദ്യശേഖരം മാറ്റുകയെന്ന് സിഐടിയു ചുമട്ടുതൊഴിലാളികളും പ്രഖ്യാപിച്ച സ്ഥിതിക്ക്  എല്ലാ കണ്ണുകളും ചെറുവത്തൂരിലേക്ക് ഉറ്റുനോക്കുകയാണ്.

കൺസ്യൂമർ ഫെഡിന്റെ നേതൃത്വത്തിലാണ് ചെറുവത്തൂരിൽ വിദേശ മദ്യവിൽപ്പനശാല ആരംഭിച്ചത്. ഈ മദ്യശാല തുറന്ന് പ്രവർത്തനമാരംഭിച്ച് 48 മണിക്കൂറിനകം പൂട്ടിയിടാൻ നിർദ്ദേശിച്ചത് സിപിഎം നേതൃത്വമാണ്. കയറ്റിറക്ക് മേഖലയിൽ നിത്യജോലി ലഭിക്കുന്ന മദ്യശാല പൂട്ടരുതെന്ന തൊഴിലാളികളുടെ ആവശ്യം സിപിഎം നേതൃത്വം കേട്ടതേയില്ല.

മദ്യശാല തുറന്നുകിടന്ന ഒരു ദിവസത്തെ മദ്യവിൽപ്പന 9 ലക്ഷം രൂപയായിരുന്നു.  ഈ മദ്യശാല മൂലം കച്ചവടം കുറഞ്ഞത് ചെറുവത്തൂരിലുള്ള സ്വകാര്യ വ്യക്തിയുടെ മദ്യശാലയിലാണ്. പ്രത്യക്ഷത്തിൽ സിഐടിയു  ചുമട്ടുതൊഴിലാളികളും സിപിഎം നേതൃത്വവും ഇപ്പോൾ നേർക്കുനേർ ഏറ്റുമുട്ടുകയാണ്. സ്വാഭാവികമായും പാർട്ടി നേതൃത്വം നിൽക്കേണ്ടത് സിഐടിയു തൊഴിലാളികൾക്കൊപ്പമാണെങ്കിലും ചെറുവത്തൂരിൽ പാർട്ടി  ബാറുടമയ്ക്കൊപ്പമാണെന്ന്  കണ്ടെത്തിയിട്ടുണ്ട്.

നാളെ പോലീസ് സഹായത്തോടെ മദ്യശാലയിലേക്കുള്ള സ്റ്റോക്ക് മദ്യം നീക്കാനാണ് സിപിഎം നേതൃത്വം ഒരുങ്ങിയിട്ടുള്ളത്. നീക്കത്തെ രക്തം കൊണ്ട് നേരിടുമെന്ന് ചുമട്ടുതൊഴിലാളികളും  പുറത്തുവിട്ട സാഹചര്യത്തിൽ ചെറുവത്തൂരിൽ നാളെ പോലീസും സിഐടിയു ചുമട്ടുകാരുമായിരിക്കും ഏറ്റുമുട്ടുക. അങ്ങിനെ സംഭവിച്ചാൽ അത് സിപിഎം ജില്ലാ നേതൃത്വത്തിന് ഊരാക്കുടുക്കായി മാറുകയും ചെയ്യും.

LatestDaily

Read Previous

ജിബിജി തട്ടിപ്പിൽ വീണ്ടും കേസ്; ഒരു കുടുംബത്തിൽ നിന്നും 10 ലക്ഷം തട്ടിയെടുത്തു

Read Next

ചെറുവത്തൂർ മദ്യശാലയിലെ േസ്റ്റാക്ക് പോലീസ് സഹായത്താൽ നീക്കും, നേരിടുമെന്ന് ചുമട്ട് തൊഴിലാളികൾ