ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
∙ സിപിഎം നേതൃത്വവും സിഐടിയു തൊഴിലാളികളും നേർക്കുനേർ
സ്വന്തം ലേഖകൻ
ചെറുവത്തൂർ: സിപിഎം ഉന്നത നേതാവ് ഇടപെട്ട് പൂട്ടിച്ച ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യ വില്പനശാലയിൽ നിലവിലുള്ള സ്റ്റോക്ക് പോലീസ് സഹായത്തോടെ സ്ഥലത്തുനിന്നും മാറ്റാൻ കൺസ്യൂമർഫെഡ് ഉത്തരവിറക്കിയതോടെ നാളെ ചെറുവത്തൂർ യുദ്ധക്കളമായേക്കും.
നാളെ ഉച്ചയോടെ മദ്യത്തിന്റെ സ്റ്റോക്ക് ചെറുവത്തൂരിൽ നിന്നും മാറ്റാൻ തീരുമാനമായതോടെ ഇതിനെ ചെറുക്കാൻ സിഐടിയു ചുമട്ടുതൊഴിലാളികളും മദ്യശാലയെ അനുകൂലിക്കുന്ന നാട്ടുകാരും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയല്ലാതെ പോലീസിന് മദ്യം ചെറുവത്തൂരിൽ നിന്നും മാറ്റാനാകില്ല. മദ്യശാല ചെറുവത്തൂരിൽ നിന്നും മാറ്റുന്നതിനെ എന്ത് വിലകൊടുത്തും തടയുമെന്ന് സിഐടിയു ചുമട്ടുതൊഴിലാളികളും തീരുമാനിച്ചിട്ടുണ്ട്.
കരിവെള്ളൂർ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാനെത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ തൊഴിലാളി യൂണിയൻ പ്രതിനിധികൾ നേരിട്ട് കണ്ട് പ്രതിഷേധം രേഖപ്പെടുത്തുമെന്നാണ് വിവരം. സിപിഎം തൃക്കരിപ്പൂർ ഏരിയാ കമ്മിറ്റി നേതൃത്വവും വിഷയം പാർട്ടി സെക്രട്ടറിയെ അറിയിക്കും.
നവംബർ 23-നാണ് ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യശാല പ്രവർത്തനമാരംഭിച്ചത്. 24 മണിക്കൂർ തികയുന്നതിന് മുമ്പേ സിപിഎം നേതാവിന്റെ ഇടപെടലിൽ മദ്യ വില്പനശാല പൂട്ടുകയും ചെയ്തു. ഇതിൽ ദുരൂഹതയുണ്ടെന്നാണ് ചുമട്ടുതൊഴിലാളി യൂണിയന്റെ ആരോപണം.
സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരിക്കെ ബാറുടമസ്ഥ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ബാറുകളുടെ 3 കിലോമീറ്റർ പരിധിക്കുള്ളിൽ സർക്കാർ മദ്യ വില്പനശാലകൾ അനുവദിക്കില്ലെന്ന് ഉറപ്പ് നൽകിയിരുന്നതായി സൂചനയുണ്ട്. പ്രസ്തുത ധാരണ പ്രകാരമാണ് ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യശാല പൂട്ടിയതെന്നും പറയപ്പെടുന്നു. അതേസമയം അത്തരമൊരു ധാരണ നിലവിലുണ്ടായിരുന്നുവെങ്കിൽ, ചെറുവത്തൂരിലെ കൺസ്യൂമർഫെഡ് മദ്യശാലയ്ക്ക് എക്സൈസ് അനുമതി നൽകിയതെന്തിനെന്ന മറു ചോദ്യവുമുയരുന്നുണ്ട്.