ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
ബേഡകം: മികച്ച ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ വഞ്ചിച്ച ജിബി ജി നിധി നിക്ഷേപത്തട്ടിപ്പ് സംഘം ഗോവയിലേക്ക് കളം മാറ്റിയതിന് പിന്നാലെ കമ്പനിക്കെതിരെ പരാതിയുമായി ഒരു നിക്ഷേപകൻ കൂടി രംഗത്ത്. കുണ്ടംകുഴി ആസ്ഥാനമായി നടന്ന ജിബിജി നിധി നിക്ഷേപത്തട്ടിപ്പ് സംഘത്തിന്റെ വലയിൽ പ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർക്ക് നഷ്ടമായത് 10 ലക്ഷം രൂപയാണ്.
കണ്ണൂർ ജില്ലയിലെ പെരുമ്പടവിന് സമീപം വെള്ളോറയിലെ വെള്ളാപ്പള്ളി ബിനീഷ് മൈക്കിളിനും കുടുംബത്തിനുമാണ് ജിബി ജി തട്ടിപ്പിൽ പണം നഷ്ടമായത്. ബിനീഷ് മൈക്കിൾ കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച പരാതിയിലാണ് കോടതി നിർദ്ദേശപ്രകാരം ബേഡകം പോലീസ് ജിബിജി നിധി മാനേജിംഗ് ഡയറക്ടർ ഡി. വിനോദ് കുമാർ 50, ഡയറക്ടർമാരായ ആലമ്പാടി നാൽത്തടുക്കയിലെ മുഹമ്മദ് റസാഖ് 41, പിലിക്കോട് മല്ലക്കരയിലെ സി സുഭാഷ് 47, പെരിയ നിടുവോട്ട് പാറയിലെ പി ഗംഗാധരൻ നായർ 66, മാണിയാട്ടെ സി.പി.പ്രജിത്ത് 40, മാണിയാട്ടെ പടിഞ്ഞാറേ വീട്ടിൽ രജീഷ് 39, ജിബിജി നിധി ഏജന്റ് മുതലായവർക്കെതിരെ വഞ്ചനക്കുറ്റത്തിന് കേസെടുത്തത്.
2022 സെപ്റ്റംബർ മാസത്തിലാണ് ബിനീഷ് മൈക്കിൾ ജിബിജി നിധിയിൽ പണം നിക്ഷേപിച്ചത്. ഇദ്ദേഹം ഒരു ലക്ഷം രൂപയാണ് ആദ്യം നിക്ഷേപിച്ചത്. പിന്നീട് ഭാര്യ രണ്ടര ലക്ഷം രൂപയും പിതാവ് 2 ലക്ഷം രൂപയും നിക്ഷേപിച്ചു. ബിനീഷിന്റെ മാതാവ് 5,16,000 രൂപയാണ് ജിബിജി നിധിയിൽ നിക്ഷേപിച്ചത്. കമ്പനി പൂട്ടി ഉടമസ്ഥനും ഡയറക്ടർമാരും മുങ്ങിയതോടെയാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
നിക്ഷേപകരുടെ കോടിക്കണക്കിന് നിക്ഷേപം നിയമക്കുരുക്കിലാക്കി ശേഷം റിമാന്റിലാവുകയും ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്ത ഡി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘം ക്രിപ്റ്റോ കോയിൻ, ക്രിപ്റ്റോ കറൻസി ഇടപാടുകളുമായി ഗോവ കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടങ്ങിയിട്ടുണ്ട്.