മുറിച്ചുകടത്തിയ പ്ലാവു തടികൾ തിരിച്ചെത്തിച്ചു, മുറിക്കാൻ നിർദ്ദേശിച്ചത് പ്ലാവിന്റെ കൊമ്പ് മുറിച്ചത് കൂറ്റൻ പ്ലാവുതടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഹൊസ്ദുർഗ് അതിഥി മന്ദിരം വളപ്പിൽ നിന്ന് മുറിച്ചുമാറ്റാൻ നിർദ്ദേശിച്ചത്  കൂറ്റൻ പ്ലാവിന്റെ ശിഖരങ്ങളാണെങ്കിലും കൊമ്പുമുറിക്കാൻ കരാർ ഏറ്റെടുത്ത  കോൺട്രാക്ടർ കാഞ്ഞങ്ങാട് ലക്ഷ്മി നഗറിലെ സി. രഘു മുറിച്ചുകൊണ്ടുപോയത് 5 ലക്ഷം രൂപ വില മതിക്കുന്ന പ്ലാവുതടി.

2023 ഡിസംബർ 12-ന് ചൊവ്വാഴ്ചയാണ് സർക്കാർ അതിഥി മന്ദിരം വളപ്പിൽ നിന്ന് സി. രഘു പ്ലാവ് തടി മുറിച്ച് രണ്ട് ലോറികളിലായി കടത്തിയത്. തടികൾ ഈർന്ന് പലകകളാക്കി മാറ്റാൻ ഈ മരത്തടികളത്രയും എത്തിച്ചത് കല്ല്യാൺ റോഡിലുള്ള മരമില്ലിലേക്കാണ്. ആദ്യകാല അതിഥി മന്ദിരം  കെട്ടിടത്തിന് പിന്നിൽ അമ്പതു വർഷത്തിലധികം പ്രായമുള്ള പ്ലാവാണ് കൊമ്പുമുറിക്കലിന്റെ ഉത്തരവനുസരിച്ച് അടിവേരടക്കം മാന്തി മുറിച്ചു മാറ്റിയത്.

കെട്ടിടത്തിന് വീഴുമെന്ന് കണ്ടെത്തിയ പ്ലാവുമരത്തിന്റെ കൊമ്പ് മുറിച്ചുമാറ്റാനാണ് തങ്ങൾ കാഞ്ഞങ്ങാട്ടെ വനംവകുപ്പിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയതെന്ന് മരാമത്ത് കെട്ടിട വിഭാഗം എഞ്ചിനീയർ ബെന്നി വെളിപ്പെടുത്തി. തൽസമയം പ്ലാവു തന്നെ മുറിച്ചുമാറ്റാനുള്ള എസ്റ്റിമേറ്റാണ് വനംവകുപ്പിൽ നിന്ന് ലഭിച്ചത്. മരാമത്ത് വിഭാഗം അധികൃതർക്ക് ലഭിച്ച എസ്റ്റിമേറ്റിന്റെ ബലത്തിൽ പ്ലാവിന്റെ കൊമ്പു മുറിച്ചുമാറ്റാൻ വെറും 780 രൂപയ്ക്കാണ് ലേലമുറപ്പിച്ചത്.

ലേലം കൊണ്ട കരാറുകാരൻ സി. രഘു രണ്ട് ലോറികളും ഒപ്പം ഈർച്ചക്കാരെയും കൊണ്ടുവന്ന് പ്ലാവ് മരം തന്നെ വേരോടെ മുറിച്ചു കടത്തുകയായിരുന്നു. ലേലം പിടിച്ച ആൾ പ്ലാവിന്റെ കൊമ്പുകൾ മുറിച്ചുമാറ്റേണ്ടത് മരാമത്ത് കെട്ടിട വിഭാഗം എഞ്ചിനീയറുടേയോ അതല്ലെങ്കിൽ ഈ ഓഫീസിലെ ഓവർസിയർമാരുടെയോ നേരിട്ടുള്ള സാന്നിദ്ധ്യത്തിലായിരിക്കണമെന്നിരിക്കെ,  12-ന് കരാറുകാരൻ സി. രഘു പ്ലാവുമരം തന്നെ മുറിച്ചുമാറ്റുമ്പോൾ കൊമ്പുകൾ ലേലം നടത്തിയ മരാമത്ത് വിഭാഗത്തിൽ നിന്ന് എഞ്ചിനീയറോ, ഓവർസിയറോ ഹാജരായില്ലെന്നത് അദ്ഭുതമാണ്. 

കൊമ്പ് മാത്രമാണ് ലേലത്തിൽ പിടിച്ചതെന്ന വസ്തുത  വെറും 780 രൂപയ്ക്ക് ഈ ലേലം പിടിച്ച കരാറുകാരന് നല്ലബോധ്യമുണ്ടായിട്ടും അഞ്ചുലക്ഷം രൂപയ്ക്ക് മുകളിൽ വില വരുന്ന പ്ലാവു മരത്തടി മുറിക്കാൻ പാടില്ലെന്ന് അറിയാമായിരുന്നിട്ടും 4 മണിക്കൂറിനകം ധൃതിപ്പെട്ട് കരാറുകാരൻ പ്ലാവുതടി മുറിച്ചുകടത്തുകയായിരുന്നു.

കൊമ്പ് മുറിക്കാൻ മാത്രമാണ് തങ്ങൾ വനം വകുപ്പിന് എസ്റ്റിമേറ്റ് തയ്യാറാക്കാൻ ആവശ്യപ്പെട്ടതെന്ന് മരാമത്ത് വിഭാഗം പുറത്തുവിടുമ്പോൾ, പ്ലാവുതടി തന്നെ മുറിച്ചുമാറ്റാനാണ് വനം വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കിയതെന്ന് മരാമത്ത് വിഭാഗം ഓവർസിയർ ലിബനയും പറയുന്നു.780 രൂപയ്ക്ക് കൊമ്പുമുറിക്ക് ലേലം നൽകിയ മരാമത്ത് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥന്റെ പോലും സാന്നിദ്ധ്യമില്ലാതെ ലേലം പിടിച്ച സി. രഘു പ്ലാവുതടി തന്നെ മുറിച്ചുകടത്തിയിട്ടും മരാമത്ത് വിഭാഗം എഞ്ചിനീയറോ അസിസ്റ്റന്റ് എഞ്ചിനീയറോ ഇന്നുവരെ ഒരു പരാതിപോലും പോലീസിൽ നൽകാത്തത് ഈ മരംമുറി സംഭവത്തിന്റെ മറ്റൊരു ദുരൂഹതയാണ്.

തൽസമയം കാസർകോട്ട് നിന്നെത്തിയ വിജിലൻസ് ആന്റി കറപ്ഷൻ വിഭാഗം അതിഥി മന്ദിരത്തിലെത്തി മുറിച്ചുകൊണ്ടുപോയ പ്ലാവുതടി നിന്ന സ്ഥലവും മറ്റും പരിശോധിച്ചുപോയി. മരംമുറി സംബന്ധിച്ച് വിജിലൻസ് ഉന്നതങ്ങളിൽ റിപ്പോർട്ടയച്ചിട്ടുണ്ടെന്ന് വിജിലൻസ് വിഭാഗം ലേറ്റസ്റ്റിനോട് പറഞ്ഞു.

LatestDaily

Read Previous

യുവാവ് വാഹനാപകടത്തിൽ മരിച്ചു

Read Next

അജ്മാനിൽ അപകടത്തിൽപ്പെട്ട അജാനൂർ യുവാവിന് ഗുരുതരം