കാഞ്ഞങ്ങാട് അതിഥി മന്ദിരം കോമ്പൗണ്ടിൽ നിന്ന് മുറിച്ചു കടത്തിയത് 5 ലക്ഷം രൂപയുടെ പ്ലാവ് മരം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സർക്കാർ അതിഥി മന്ദിരം കോമ്പൗണ്ടിൽ നിന്ന് സ്വകാര്യ വ്യക്തി മുറിച്ചു കടത്തിയത് 5 ലക്ഷം  രൂപയുടെ പ്ലാവു തടി. അമ്പതു വർഷത്തിലധികം പഴക്കമുള്ള കൂറ്റൻ പ്ലാവുമരങ്ങളാണ് പൊതുമരാമത്ത് കെട്ടിടം വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയറുടെയും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെയും ഒത്താശയിൽ സ്വകാര്യ വ്യക്തി  അതി നാടകീയമായി പട്ടാപ്പകൽ മുറിച്ചുകടത്തിയത്.

2023 ഡിസംബർ 12-ന് ചൊവ്വാഴ്ച പകൽ പത്തര മണിക്ക് ആരംഭിച്ച മരംമുറി അന്ന് വൈകുന്നേരം വരെ നീണ്ടുനിന്നു. മുറിച്ചിട്ട പ്ലാവുതടി സൈസുകളാക്കി  മാറ്റി ലോറിയിൽ കയറ്റി അജ്ഞാത കേന്ദ്രത്തിലേക്ക് കടത്തുകയായിരുന്നു. ആദ്യകാല പഴയ അതിഥി മന്ദിരത്തിന് പിന്നിലുണ്ടായിരുന്ന കൂറ്റൻ പ്ലാവു മരമാണ് മുറിച്ചുകടത്തിയത്.

മരങ്ങൾ മുറിക്കാനെത്തിയവർക്ക് മുറിക്കേണ്ട പ്ലാവ് ഏതാണെന്ന് കാണിച്ചുകൊടുക്കാൻ കോട്ടയ്ക്കകത്ത് പ്രവർത്തിക്കുന്ന കെട്ടിട വിഭാഗം മരാമത്ത് ഓഫീസ് ഉദ്യോഗസ്ഥയായ ഒരു യുവതി അതിഥിമന്ദിരം കോമ്പൗണ്ടിലെത്തിയിരുന്നു. കെട്ടിട വിഭാഗം ഓവർസിയർ  രതീഷും മരം മുറിക്കുന്ന ദിവസം അതിഥി മന്ദിര പരിസരത്തുണ്ടായിരുന്നു.

പൊതുമരാമത്ത് അധികൃതരുടെ അറിവും സമ്മതത്തോടും കൂടിയാണ് 5 ലക്ഷം രൂപ വിലമതിക്കുന്ന പ്ലാവുമരം മുറിച്ചുകടത്തിയതെന്ന് ബോധ്യമായിട്ടുണ്ട്. ലേലം പിടിച്ച ആളാണ് മരങ്ങൾ മുറിച്ചു മാറ്റിയതെന്ന് മരാമത്ത് കെട്ടിട വിഭാഗം പറയുന്നുവെങ്കിലും ഇത്തരമൊരു ലേലത്തെക്കുറിച്ച് ഈ ഓഫീസിന്റെ ചുമതലയിലുള്ള അസിസ്റ്റന്റ് എഞ്ചിനീയർ പടന്നക്കാട്ടെ ബെന്നിക്കറിയില്ല. കെട്ടിവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മേൽനോട്ടത്തിലാണ് 5 ലക്ഷം വില മതിക്കുന്ന പ്ലാവ് തടികൾ മുറിച്ചുമാറ്റിയത്.

Read Previous

വയോധിക ദമ്പതികളെ കത്തി ചൂണ്ടി സ്വർണ്ണക്കവർച്ച

Read Next

ആ മദ്യശാലയിലെ േസ്റ്റാക്ക്  നീക്കാനുള്ള  ശ്രമം സിഐടിയു തടഞ്ഞു