അതിഞ്ഞാലിൽ അപകടത്തിൽപ്പെട്ട പെൺകുട്ടി സഞ്ചരിച്ച സ്കൂട്ടറിന് അവകാശികളെത്തിയില്ല

സ്വന്തം ലേഖകൻ

അജാനൂർ:  യുവാവ് പെൺകുട്ടിയുമായി സഞ്ചരിക്കവേ അപകടത്തിൽപ്പെട്ട സ്കൂട്ടറിന് 10 ദിവസം കഴിഞ്ഞിട്ടും അവകാശികളെത്തിയില്ല. ഡിസംബർ 9ന് പുലർച്ചെ രണ്ടര മണിക്കാണ് അതിഞ്ഞാൽ കെഎസ്ടിപി റോഡിൽ ബസ്റ്റോപ്പിന് സമീപം കെഎൽ 60 എൽ 1945 നമ്പർ സ്കൂട്ടർ അതുവഴി വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ഭാഗികമായി തകരുകയും യാത്രക്കാരായ പെൺകുട്ടിയുൾപ്പെടെ രണ്ടുപേർക്ക് പരിക്കേൽക്കുകയുമുണ്ടായി. അപകടത്തെ തുടർന്ന് ഓടിയെത്തിയവർ പരിക്കേറ്റ ഇരുവരെയും അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി അധികൃതർ പരിക്കേറ്റവരോട് പേര് വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്.

തങ്ങൾ സ്കൂട്ടറിൽ നിന്നും സ്വയം വീണതാണെന്നും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കലുണ്ടായിട്ടില്ലെന്നും പരിക്കേറ്റവർ പറഞ്ഞിരുന്നു. താമസിക്കുന്ന സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോഴും കൃത്യമായ വിവരം നൽകാൻ ഇരുവരും തയ്യാറായില്ല. അതേസമയം പെരുമ്പാവൂർ ആർടിഒ ഓഫീസിൽ രജിസ്റ്റർ ചെയ്ത കെ.എൽ 60 വി 4070 നമ്പർ കിയാ കാറാണ് പുലർച്ചെ പെൺകുട്ടിയുമായി സഞ്ചരിച്ച യുവാവ് ഓടിച്ച സ്കൂട്ടറിൽ ഇടിച്ചിരുന്നതെന്ന്  സംഭവ സ്ഥലത്തെത്തിയ അതിഞ്ഞാലിലെ സെക്യൂരിറ്റി ജീവനക്കാരൻ വെളിപ്പെടുത്തി.

സംഭവത്തിന്റെ യഥാർത്ഥ കാരണം  ഇരുവരും മറച്ചുവെച്ചതിന്റെ പിന്നിലുള്ള ലക്ഷ്യം ഇനിയും വ്യക്തമായിട്ടില്ല. അപകടം സംബന്ധിച്ച ഒരു വിവരവും ഹോസ്ദുർഗ്പോലീസിലും ലഭിച്ചിരുന്നില്ല. പിന്നീട് വിവരമറിഞ്ഞെത്തിയ ബന്ധുക്കൾ കാലിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കും പെൺകുട്ടിയെ ബന്ധുക്കളെത്തി അവരുടെ വീട്ടിലേക്കും കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അപകടത്തിൽപ്പെട്ട സ്കൂട്ടർ അവകാശികളില്ലാതെ ഇപ്പോഴും റോഡരികിൽ തന്നെ അനാഥമായി കിടക്കുകയാണ്.

LatestDaily

Read Previous

കാറിൽ ബലാത്സംഗം: പ്രതി റിമാൻഡിൽ

Read Next

യുവാവ് വാഹനാപകടത്തിൽ മരിച്ചു