ആ മദ്യശാലയിലെ േസ്റ്റാക്ക്  നീക്കാനുള്ള  ശ്രമം സിഐടിയു തടഞ്ഞു

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ചെറുവത്തൂരിലെ വിവാദമായ കൺസ്യൂമർഫെഡ് ചില്ലറ മദ്യ വില്പനശാലയ്ക്ക കത്ത് സൂക്ഷിച്ച മദ്യം സ്ഥലത്ത് നിന്നും നീക്കാനുള്ള ശ്രമം സിഐടിയു പ്രവർത്തകർ തടഞ്ഞു. സിപിഎം  ഉന്നത നേതൃത്വം ഇടപെട്ട് പൂട്ടിച്ച ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ കൺസ്യൂമർഫെഡ് ചില്ലറ മദ്യ വില്പനശാലയിലെ സ്റ്റോക്ക് സ്ഥലത്തുനിന്നും മാറ്റുന്നതിന് മുന്നോടിയായി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെയാണ് സിഐടിയു നേതൃത്വത്തിലുള്ള ചുമട്ടുതൊഴിലാളികൾ തടഞ്ഞത്.

നവംബർ 23-ന് പ്രവർത്തനമാരംഭിച്ച ചെറുവത്തൂർകൺസ്യൂമർഫെഡ് ചില്ലറ മദ്യ വില്പനശാലയ്ക്ക് 24 മണിക്കൂർ ആയുസ്സ് തികയുന്നതിന് മുമ്പേയാണ് സിപിഎം ഉന്നത നേതൃത്വം ഇടപെട്ട് പൂട്ടിച്ചത്. ഉദ്ഘാടന ദിവസം തന്നെ ഒമ്പതര ലക്ഷത്തോളം രൂപയുടെ കച്ചവടം നടന്ന സ്ഥാപനം പൂട്ടിച്ചതിന് പിന്നിലെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ചെറുവത്തൂരിലെ സ്റ്റോക്ക് കണ്ണൂർ ജില്ലയിലെ കൺസ്യൂമർഫെഡ് ചില്ലറ മദ്യ വില്പന ശാലകളിലേക്ക് നീക്കാൻ ഉത്തരവിറങ്ങിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ എക്സൈസ് കൺസ്യൂമർഫെഡ് ഉദ്യോഗസ്ഥരുടെ സംഘം സ്റ്റോക്ക് പരിശോധനയ്ക്കെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചുമട്ടു തൊഴിലാളികൾ സ്ഥാപനം തുറക്കാൻ പോലും അനുവദിച്ചില്ല.

സിഐടിയു വിഭാഗം ചുമട്ടുതൊഴിലാളി യൂണിയൻ നേതാക്കളായ എം. പങ്കജാക്ഷൻ, കെ. ശശി കണ്ണങ്കൈ, പി. സുരേശൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം ചുമട്ടു തൊഴിലാളികളാണ് ഉദ്യോഗസ്ഥ സംഘത്തെ തടഞ്ഞത്. ചെറുവത്തൂർ കൺസ്യൂമർഫെഡ് മദ്യ വില്പനശാലയെ അനുകൂലിക്കുന്നവരാണ് ഇവർ.തൊഴിലാളികളുടെ എതിർപ്പിനെ തുടർന്ന് ഉദ്യോഗസ്ഥർ തിരികെ പോയെങ്കിലും, പോലീസ് സഹായത്തോടെ സ്റ്റോക്ക് പരിശോധിക്കാൻ രഹസ്യനീക്കം നടന്നുവരുന്നു.

ഇതിനെ ചുമട്ടുതൊഴിലാളികൾ പ്രതിരോധിച്ചാൽ ചെറുവത്തൂർ കൺസ്യൂമർഫെഡ് തർക്കം സിപിഎമ്മും ചുമട്ടുതൊഴിലാളികളും തമ്മിലുള്ള തുറന്ന യുദ്ധത്തിന് വഴിവെക്കും. ചെറുവത്തൂർ ഞാണങ്കൈയ്യിലെ സ്വകാര്യബാറുടമയെ സഹായിക്കാനാണ് കൺസ്യൂമർഫെഡ് മദ്യശാല പൂട്ടിച്ചതെന്ന ആരോപണത്തിന് സിപിഎം വ്യക്തമായ മറുപടി നൽകിയിട്ടില്ല.

കൺസ്യൂമർ ഫെഡ് റീജണൽ മാനേജർ ആർ. പ്രദീപ്കുമാറിന്റെ ഉത്തരവ് പ്രകാരമാണ് ജനറൽ മാനേജർ ശൈലേഷ് ബാബുവും സംഘവും പൂട്ടിക്കിടക്കുന്ന ചെറുവത്തൂർ കൺസ്യൂമർഫെഡ് മദ്യവിൽപ്പനശാലയിൽ ഇന്ന് പരിശോധനയ്ക്കെത്തിയത്.

LatestDaily

Read Previous

കാഞ്ഞങ്ങാട് അതിഥി മന്ദിരം കോമ്പൗണ്ടിൽ നിന്ന് മുറിച്ചു കടത്തിയത് 5 ലക്ഷം രൂപയുടെ പ്ലാവ് മരം

Read Next

കാറിൽ ബലാത്സംഗം: പ്രതി റിമാൻഡിൽ