നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ ആകാശപ്പാതയെ ചൊല്ലി പ്രസ്താവന യുദ്ധം

സ്വന്തം ലേഖകൻ

നീലേശ്വരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ന്യൂദൽഹിക്ക് പുറപ്പെട്ട സിപിഎം നിവേദകസംഘം കേന്ദ്രമന്ത്രിക്ക് നിവേദനം നൽകിയതിന് പിന്നാലെ നീലേശ്വരത്ത് പ്രസ്താവനാ യുദ്ധം കൊഴുക്കുന്നു.

മുൻ എംപി, പി. കരുണാകരൻ നീലേശ്വരം നഗരസഭാധ്യക്ഷ ടി. വി. ശാന്ത, ഉപാധ്യക്ഷൻ പി പി മുഹമ്മദ് റാഫി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി രവീന്ദ്രൻ, സിപിഎം ഏരിയ സെക്രട്ടറി എം രാജൻ എന്നിവരടങ്ങുന്ന സംഘമാണ് നീലേശ്വരത്തെ ബിജെപി നേതാവ് പി. യു. വിജയകുമാറിനൊപ്പം കേന്ദ്രമന്ത്രിക്ക് നിവേദനം നൽകാനായി പോയത്.

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ എലിവേറ്റഡ് പാത, നീലേശ്വരത്ത് ദേശീയപാതയിലുള്ള പഴയ പാലം പൊളിച്ചു നീക്കൽ എന്നീ വിഷയങ്ങളിൽ നിവേദകസംഘം ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും നീലേശ്വരം റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നിവേദനങ്ങൾ നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് സിപിഎം നേതൃത്വത്തിലുള്ള സംഘത്തിന്റെ ഡൽഹി യാത്ര വിനോദയാത്രയാണെന്ന ആരോപണവുമായി ഇന്നലെ യുഡിഎഫ് നീലേശ്വരം നഗരസഭാ കമ്മിറ്റി വാർത്താസമ്മേളനം വിളിച്ചത്. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി നൽകിയ നിവേദനത്തിൽ അനുകൂല തീരുമാനമുണ്ടായിട്ടുണ്ടെന്നാണ് യുഡിഎഫിന്റെ അവകാശവാദം.

മാർക്കറ്റ് ജംഗ്ഷനിൽ എലിവേറ്റഡ് പാത നിർമ്മിക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രി ഉറപ്പു  നൽകിയിട്ടുണ്ടെന്നാണ് കഴിഞ്ഞ ദിവസം നടന്ന വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ  അവകാശപ്പെട്ടത്. നീലേശ്വരത്തെ പഴയ പാലം പൊളിക്കാൻ ഉത്തരവിറങ്ങിയതായും യുഡിഎഫ് അവകാശപ്പെട്ടു.

നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എലിവേറ്റഡ് പാത നിർമ്മിക്കണമെന്ന ആവശ്യമുയർത്തി പ്രാരംഭഘട്ടത്തിൽ സർവകക്ഷിയോഗമുണ്ടായിരുന്നു. ആദ്യ സമരത്തിൽ തന്നെ അവസാനിച്ച സർവ്വകക്ഷി പ്രതിഷേധം പിന്നീട് യുഡിഎഫ് ഒറ്റയ്ക്ക് ഏറ്റെടുത്തു. നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ എലിവേറ്റഡ് പാതയാവശ്യപ്പെട്ട് യുഡിഎഫ് ആഗസ്റ്റ് മാസത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ പഞ്ചദിന സത്യാഗ്രഹവും സംഘടിപ്പിച്ചിരുന്നു.

പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി കരാർ നടപടികൾ പൂർത്തിയായ ദേശീയപാതാ നിർമ്മാണത്തിൽ മാർക്കറ്റ് ജംഗ്ഷനിലെ എലിവേറ്റഡ് പാത കരാറുകാരന് അധിക ബാധ്യതയായതിനാൽ കരാർ കമ്പനി ഈ ദൗത്യം ഏറ്റെടുക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം നിലവിലുണ്ട്. ടെണ്ടറിലില്ലാത്ത പ്രവൃത്തിക്ക് അധിക ടെണ്ടർ വിളിക്കേണ്ടതിനാൽ ദേശീയപാത അതോറിറ്റി നീലേശ്വരത്തെ എലിവേറ്റഡ് പാലത്തെ പരിഗണിക്കണമെങ്കിൽ കേന്ദ്രസർക്കാറിന്റെ ഇടപെടൽ വേണ്ടിവരും. ദേശീയപാത സ്ഥലമേറ്റെടുപ്പിന് കേരളത്തോട് പണം ആവശ്യപ്പെട്ട കേന്ദ്രസർക്കാർ നീലേശ്വരത്തെ എലിവേറ്റഡ് പാത എന്ന ആവശ്യം പരിഗണിക്കുമോയെന്നതാണ് നാട്ടുകാർ ഉറ്റുനോക്കുന്നത്.

LatestDaily

Read Previous

അജ്ഞാത ജഡം തിരിച്ചറിഞ്ഞില്ല

Read Next

ടര്‍ഫ് ഗ്രൗണ്ടുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ കര്‍ശന നിയന്ത്രണം