ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അനധികൃത വാഹന ഡ്രൈവിങ്ങിനെതിരെ നിയമനടപടികൾ തുടരുമ്പോഴും സ്വന്തം മക്കളെ നിയമവിരുദ്ധ ഡ്രൈവിങ്ങിന് പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളുടെ എണ്ണത്തിൽ കുറവില്ല. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ദിനംപ്രതി നിരവധി കുട്ടി ഡ്രൈവിംഗ് കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. ലൈസൻസ് കിട്ടാത്ത മക്കളെ വാഹനം കൊടുത്ത് റോഡിലിറക്കി നിയമലംഘനം പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കൾക്കെതിരെ കനത്ത പിഴ ഈടാക്കുന്നുണ്ടെങ്കിലും രക്ഷിതാക്കൾ ഇതിൽ നിന്നും പാഠം പഠിക്കാൻ തയ്യാറായിട്ടില്ല.
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കാർ ഓടിക്കാൻ നൽകിയതിന്റെ ദുരന്തഫലമായിരുന്നു ജില്ലയിൽ കാർമറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം. നിയമവിരുദ്ധ ഡ്രൈവിങ്ങിനിടെ പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാർ മറിഞ്ഞായിരുന്നു വിദ്യാർത്ഥിയുടെ മരണം. ഏറ്റവുമൊടുവിൽ ചിത്താരി മുക്കൂടിൽ ഒമ്പതാം തരം വിദ്യാർത്ഥിയുടെ മരണത്തിനിടയാക്കിയ വാഹനാപകടവും രക്ഷിതാക്കളുടെ ജാഗ്രതക്കുറവ് മൂലമാണുണ്ടായത്. നവംബർ 13-ന് മദ്രസ വിട്ട് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിയുടെ വാഹനം മതിലിലിടിച്ചാണ് അപകടമുണ്ടായത്.
റോഡ് ഗതാഗത നിയമങ്ങളെ കുറിച്ചോ സിഗ്നലുകളെ കുറിച്ചോ പ്രാഥമിക വിവരം പോലും ഇല്ലാത്ത മക്കളെയാണ് രക്ഷിതാക്കൾ വാത്സല്യത്തിന്റെ പേരിൽ വാഹനം നൽകി മരണത്തിലേക്ക് തള്ളിവിടുന്നത്. കുട്ടി ഡ്രൈവിംഗ് കേസുകളിൽ പ്രതിസ്ഥാനത്തുള്ളവരിൽ ഭൂരിഭാഗവും ആർസി ഉടമകളായ സ്ത്രീകളാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നിയമം ശക്തമാണെങ്കിലും നിയമലംഘനത്തെ പ്രോത്സാഹിപ്പിക്കുന്ന രക്ഷിതാക്കളാണ് പോലീസിന്റെ തലവേദന.
നിയമം ലംഘിച്ചുള്ള കുട്ടി ഡ്രൈവിംഗ് റോഡുകളിൽ കുരുതിക്കളം തീർക്കുമ്പോഴും പാഠം പഠിക്കാത്ത രക്ഷിതാക്കൾ പന്ത്രണ്ടും പതിമൂന്നും വയസ്സുള്ള മക്കളെ പോലും വാഹനവുമായി റോഡിലേക്ക് വിട്ട് സ്വന്തം മക്കളുടെ അന്തകരായിരിക്കുകയാണ്. അനധികൃത വാഹന ഡ്രൈവിങ്ങിനും നിയമലംഘനത്തിനുമെതിരെ പോലീസ് മോട്ടോർ വാഹന വകുപ്പുകളുടെ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ടെങ്കിലും പൊതുജനം ഇവയൊന്നും ചെവി കൊള്ളുന്നില്ലെന്നതാണ് യാഥാർത്ഥ്യം.