കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരെ മാറ്റും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരെ നിയോഗിച്ചതിൽ തർക്കം രൂക്ഷമായതിനെത്തുടർന്ന് പുതിയ പ്രസിഡണ്ടുമാരെ മാറ്റി പകരം പ്രസിഡണ്ടുമാരെ നിശ്ചയിക്കാൻ ആലോചന. കോൺഗ്രസ് ചീമേനി മണ്ഡലം പ്രസിഡണ്ടിനെ നിയോഗിച്ചതിനെച്ചൊല്ലി കെപിസിസി അംഗം കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് ഉപരോധം സംഘടിപ്പിച്ചിരുന്നു.

രാജ്മോഹൻ ഉണ്ണിത്താനെതിരെ രൂക്ഷ വിമർശ്ശനമുയർത്തിയാണ് കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ചീമേനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലെ 10 ബൂത്ത് കമ്മിറ്റികൾ ചേർന്ന് ഡിസിസി ഓഫീസ് ഉപരോധിച്ചത്. ഇൗ സാഹചര്യത്തിൽ ചീമേനി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടായി കെ. ജയറാം തന്നെ തുടരാൻ സാധ്യതയുണ്ട്.

ചെറുവത്തൂരിൽ ഡിസിസി പ്രസിഡണ്ടിന്റെ ഇഷ്ടപ്രകാരം നിയോഗിച്ച കെ. ബാലകൃഷ്ണനെതിരെയും ചെറുവത്തൂർ മണ്ഡലം കമ്മിറ്റിയിലെ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസലിന്റെ സന്തത സഹചാരിയും ബിസിനസ്സ് പങ്കാളിയുമായ ഡോ. കെ.വി. ശശിധരനെ ചെറുവത്തൂർ മണ്ഡലം പ്രസിഡണ്ടാക്കാൻ ഏകദേശ ധാരണയായി.

ചെറുവത്തൂരിൽ മുൻ ബാങ്ക് ജീവനക്കാരനും നിലവിൽ മണ്ഡലം ജനറൽ സിക്രട്ടറിയുമായ ഡി.എം. സുകുമാരൻ, പരേതനായ കോൺഗ്രസ് നേതാവ് സി.പി. കൃഷ്ണന്റെ മകൻ പി. രാജശേഖരനെയും പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും, ഏ.ഐ വിഭാഗങ്ങൾ എതിർത്തത് മൂലം ഡോ. കെ.വി ശശിധരന് നറുക്ക് വീഴുകയായിരുന്നു. പിലിക്കോട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി വി. കൃഷ്ണൻ തന്നെ തുടരുമെന്നാണ് സൂചന.

Read Previous

ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പ്

Read Next

ഷിഫാനത്തിന്റെ ഭർത്താവിനെ ചോദ്യം ചെയ്യും