ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കർണ്ണാടക ജെഡിഎസ് പ്രസിഡണ്ട് സി.എം. ഇബ്രാഹിമും ബിജെപിക്കൊപ്പമില്ല
സ്വന്തം പ്രതിനിധി
കാഞ്ഞങ്ങാട് : ബിജെപി നേതൃത്വം നൽകുന്ന എൻഡിഏ മുന്നണിക്കൊപ്പം ചേരാൻ തങ്ങളില്ലെന്ന് ജെഡിഎസ് കേരള ഘടകം നേതാക്കൾ ജെഡിഎസ് ദേശീയ പ്രസിഡണ്ട് എച്ച്.ഡി. ദേവഗൗഢയെ നേരിൽ കണ്ടറിയിച്ചു. ജെഡിഎസ് കേരള പ്രസിഡണ്ട് മാത്യു.ടി. തോമസ്സും മന്ത്രി കൃഷ്ണൻ കുട്ടിയും ബംഗളൂരുവിൽ ചെന്ന് ദേവഗൗഢയെ കണ്ടാണ് കേരള ഘടകത്തിന്റെ തീരുമാനമറിയിച്ചത്.
ദേവ ഗൗഢയുമായി നടത്തിയ ചർച്ചയിലെ വിഷയങ്ങൾ കൂടി പരിഗണിച്ച് ഏഴിന് ചേരുന്ന ജെഡിഎസ് സംസ്ഥാന സമിതിയിൽ കേരളത്തിന്റെ തീരുമാനം അന്തിമമായി പ്രഖ്യാപിക്കും. 2006-ൽ കർണ്ണാടക ജെഡിഎസ് – എൻഡിഏ സഖ്യത്തിന്റെ ഭാഗമായപ്പോഴും സമാന സാഹചര്യമുണ്ടായിരുന്നു. എൻഡിഏക്കൊപ്പം നിൽക്കാനുള്ള ജെഡിഎസ്സ് തീരുമാനത്തിനെതിരെ ജെഡിഎസ് കർണ്ണാടക സംസ്ഥാന പ്രസിഡണ്ട് സി.എം. ഇബ്രാഹിമും ദേവഗൗഢയെ കണ്ട് അതൃപ്തിയറിയിച്ചിട്ടുണ്ട്.
ദേവഗൗഢ തനിക്ക് പിതാവിനെപ്പോലെയും കുമാരസ്വാമി തനിക്ക് സഹോദരനെപ്പോലെയുമാണ്. എൻഡിഏക്കൊപ്പം ചേരാനുള്ള ചർച്ചക്കായി ഇരുവരും ദൽഹിയിലേക്ക് പോകുമ്പോൾ കർണ്ണാടക സംസ്ഥാന പ്രസിഡണ്ടായ തന്നെ വിവരമറിയിക്കുക പോലും ചെയ്തിട്ടില്ലെന്ന് സി.എം. ഇബ്രാഹിം പരിഭവിച്ചു. സമാന ചിന്താഗതിക്കാരായ പ്രവർത്തകരുടെ യോഗം ഇൗ മാസം 16-ന് ബംഗളൂരുവിൽ ചേർന്ന് ഭാവി പരിപാടികൾ തീരുമാനിക്കുമെന്ന് സി.എം. ഇബ്രാഹിം അറിയിച്ചു.
കർണ്ണാടകയിലെ ജെഡിഎസ്സിന്റെ ശക്തനായ നേതാവ് എസ്. ഷാഫി അഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഷഫീഉള്ള, പാർട്ടി വക്താവ് യു.ടി. ഫർസാന എന്നിവർ ഇതിനകം ജെഡിഎസ്സിൽ നിന്ന് രാജി വെച്ചിട്ടുണ്ട്. ജെഡിഎസ് കർണ്ണാടക നിയമസഭാ കക്ഷി ഉപനേതാവ് ശാരദപൂരനായക്ക്, ശരണ ഗൗഢ പാട്ടീൽ, ന്യാമരാജ നായക്ക് തുടങ്ങിയ പ്രമുഖരും ജെഡിഎസ്, എൻഡിഏ സഖ്യത്തിൽ ചേരുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ കർണ്ണാടകയിൽ ജെഡിഎസ് പിളർപ്പിന്റെ വക്കിലെത്തി നിൽക്കുകയാണെന്ന സൂചനയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നല്കുന്നത്.