ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
തൃക്കരിപ്പൂർ: ഉദിനൂർ പരുത്തിച്ചാലിൽ വെൽഡിംഗ് തൊഴിലാളി അടിയേറ്റ് നിലത്തുവീണ് രക്തം വാർന്ന് മരിച്ച സംഭവത്തിൽ അറസ്റ്റിലായ മകളുടെ ഭർത്താവിനെ തെളിവെടുപ്പിനായി നാളെ പരുത്തിച്ചാലിലെ വീട്ടിലെത്തിക്കും. സെപ്തംബർ 26-ന് രാവിലെ 9 മണിയോടെയാണ് ഉദിനൂർ പരുത്തിച്ചാലിലെ എം.വി. ബാലകൃഷ്ണനെ 54, വീട്ടിനുള്ളിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്വത്ത് തർക്കത്തെത്തുടർന്ന് ഇദ്ദേഹത്തിന്റെ മകളുടെ ഭർത്താവായ ഈയ്യക്കാട്ട് വൈക്കത്തെ പെയിന്റിംഗ് തൊഴിലാളി സി.കെ. രജീഷാണ് 36, ഭാര്യാപിതാവായ ബാലകൃഷ്ണനെ അടിച്ചുവീഴ്ത്തിയത്. മരുമകന്റെ മർദ്ദനമേറ്റ ബാലകൃഷ്ണൻ തലയിടിച്ച് നിലത്തു വീണിരുന്നു. ഇവിടെ നിന്നും പ്രാണരക്ഷാർത്ഥം വീട്ടിനുള്ളിലേക്ക് ഓടിക്കയറി വാതിൽ അകത്തു നിന്നും പൂട്ടിയ ഇദ്ദേഹം തലയിലുണ്ടായ മുറിവിൽ നിന്ന് രക്തം വാർന്നാണ് മരിച്ചത്. രജീഷ് ഭാര്യാപിതാവിനെ മുഖത്തടിച്ചതിന്റെ പാടുകൾ പോസ്റ്റുമോർട്ടത്തിനിടെ പോലീസ് കണ്ടെത്തിയിരുന്നു.
അടിയേറ്റ് നിലത്ത് തലയിടിച്ച് വീണപ്പോഴുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നാണ് ബാലകൃഷ്ണൻ മരിച്ചതെന്നാണ് പോസ്റ്റുമോർട്ടത്തിൽ പ്രാഥമിക നിഗമനം. ഇതോടെയാണ് രജീഷിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്സെടുത്ത് ചന്തേര പോലീസ് ഇൻസ്പെക്ടർ ജി.പി. മനുരാജ്, എസ്ഐ, എം.വി. ശ്രീദാസ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ഭാര്യയും മക്കളുമായി വേർപിരിഞ്ഞ് മൂന്ന് വർഷത്തോളമായി ഉദിനൂർ പരുത്തിച്ചാലിലെ വീട്ടിൽ താമസിക്കുന്ന ബാലകൃഷ്ണൻ തന്റെ പേരിലുള്ള സ്വത്തുക്കൾ വിൽപ്പന നടത്താൻ ശ്രമിച്ചിരുന്നു. ഇതേത്തുടർന്നാണ് രജീഷും ബാലകൃഷ്ണനും തമ്മിൽ തർക്കമുണ്ടായത്. സെപ്തംബർ 25-ന് രാത്രി 11-30 മണിയോടെ ബാലകൃഷ്ണന്റെ വീട്ടിൽ മദ്യപിച്ചെത്തിയ രജീഷ് ഇദ്ദേഹവുമായി സ്വത്തിനെച്ചൊല്ലിയുണ്ടായ വാക്കേറ്റത്തിൽ ഭാര്യാപിതാവിനെ മർദ്ദിക്കുകയായിരുന്നു.