കെപിസിസി അംഗത്തിന്റെ നേതൃത്വത്തിൽ ഡിസിസി ഓഫീസ് ഉപരോധിച്ചു

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടുമാരെ പുനർ നിർണ്ണയിച്ചുകൊണ്ടുള്ള ഭാരവാഹി ലിസ്റ്റ് പുറത്തിറങ്ങിയതിന് പിന്നാലെ ലിസ്റ്റിനെതിരെ കോൺഗ്രസിൽ പൊട്ടിത്തെറി. ചീമേനി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിനെ നിർണ്ണയിച്ച രീതിയിൽ പ്രതിഷേധിച്ച് ചീമേനി മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ കെപിസിസിയംഗം കരിമ്പിൽ കൃഷ്ണന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഡിസിസി ഓഫീസ് ഉപരോധിച്ചു.

ഡിസിസി പ്രസിഡണ്ട് പി.കെ. ഫൈസൽ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി. എന്നിവരുടെ തന്നിഷ്ട പ്രകാരമാണ് മണ്ഡലം ഭാരവാഹി ലിസ്റ്റ് തയ്യാറാക്കിയതെന്നാണ് ആക്ഷേപം. ചീമേനി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്ന ജയറാമിനെ മാറ്റി ടി.വി. ധനേഷിനെ പ്രസിഡണ്ടാക്കിയതിലുള്ള പരസ്യമായ പ്രതിഷേധമാണ് ഇന്ന് ഡിസിസി ഓഫീസിന് മുന്നിൽ നടന്നത്.

കെപിസിസി അംഗം കൂടിയായ കരിമ്പിൽ കൃഷ്ണനെ പോലും അറിയിക്കാതെയാണ് ചീമേനിയിൽ മണ്ഡലം പ്രസിഡണ്ടിനെ നിശ്ചയിച്ചതെന്നാണ് ആരോപണം. നീലേശ്വരം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായിരുന്ന പി. രാമചന്ദ്രനെ മാറ്റി എറുവാട്ട് മോഹനനെ പുനഃപ്രതിഷ്ഠിച്ചതിൽ നീലേശ്വരത്തും ഗ്രൂപ്പ് യുദ്ധം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ ചെറുവത്തൂർ, പിലിക്കോട് മണ്ഡലം പ്രസിഡണ്ടുമാരെ നിശ്ചയിച്ചതിലും ചെറുവത്തൂരും പിലിക്കോടും പ്രതിഷേധം ശക്തമായിട്ടുണ്ട്.

കോൺഗ്രസ് പടന്ന മണ്ഡലം പ്രസിഡണ്ടായി ഡിസിസി പ്രസിഡണ്ടിന്റെ സന്തത സഹചാരിയായ കെ.വി. സജീവനെ നിയോഗിച്ചതിനെതിരെയും പ്രതിഷേധമുയർന്നിട്ടുണ്ട്. കെപിസിസിയംഗം കരിമ്പിൽ കൃഷ്ണന്റെ  നേതൃത്വത്തിൽ കയ്യൂർ, ചീമേനി പഞ്ചായത്തിലെ 16 ബൂത്ത് കോൺഗ്രസ് കമ്മിറ്റികളിൽ 10 ബൂത്ത് കമ്മിറ്റികളാണ് ഇന്ന് ഡിസിസി ഓഫീസ് ഉപരോധിച്ചത്. പ്രകാശൻ കെ, മുൻ കയ്യൂർ ചീമേനി പഞ്ചായത്ത് മെമ്പർ കുഞ്ഞികൃഷ്ണൻ, വൽസൻ ജേഡോ, ബാബു,വൽസല ശ്രീധരൻ, ജയരാജൻ ചീമേനി, ബാലൻ കൊട്ടറ, ഇ വി സുകുമാരൻ,എന്നിവരും ഉപരോധത്തിൽ പങ്കെടുത്തു.

LatestDaily

Read Previous

പണം തിരിമറിയിൽ  വനിതാ പോസ്റ്റ് മാസ്റ്റർക്കെതിരെ കേസ്

Read Next

ലൈംഗിക പീഡനക്കേസ്സിൽ അന്വേഷണ സംഘം ഇടുക്കിയിലേക്ക്